കേരളത്തിലെ സുപ്രധാനമായ രണ്ട് കേസുകളിലെ വധശിക്ഷ പുന:പരിശോധിക്കാനൊരുങ്ങി ഹൈക്കോടതി

0
246

കേരളത്തിലെ സുപ്രധാനമായ രണ്ട് കേസുകളിലെ വധശിക്ഷ പുന:പരിശോധിക്കാന്‍ ഹൈക്കോടതി നടപടികള്‍ തുടങ്ങി. ആറ്റിങ്ങല്‍ ഇരട്ടക്കൊല, പെരുമ്പാവൂരിലെ ജിഷാ വധം എന്നീ കേസുകളിലെ പ്രതികള്‍ക്ക് നല്‍കിയ വധശിക്ഷയാണ് പുന:പരിശോധിക്കുക.
സുപ്രീം കോടതി നിര്‍ദേശിച്ച പ്രകാരം മിറ്റിഗേഷന്‍ അന്വേഷണത്തിന് ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച രണ്ട് വധശിക്ഷ വിധികളിലാണ് പുനപരിശോധനയ്ക്ക് കളമൊരുങ്ങുന്നത് . രണ്ട് കേസുകളിലും പ്രതികളുടെ സാമൂഹ്യ പശ്ചാത്തലവും സ്വഭാവവും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. വധശിക്ഷ സംബന്ധിച്ച സുപ്രീംകോടതിയുടെ നിര്‍ദ്ദേശം അടിസ്ഥാനമാക്കിയാണ് ഹൈക്കോടതി ഇടപെടല്‍. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്, ജസ്റ്റിസ് സി ജയചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ആണ് നിര്‍ണായക നടപടികളിലേക്ക് കടന്നത്.

പ്രതികളുടെ സാമൂഹ്യപശ്ചാത്തലം, സാമ്പത്തിക സാഹചര്യം, കുറ്റകൃത്യത്തിന് ഇടയാക്കിയ സാഹചര്യം, ജയിലില്‍ ഇവരുടെ പെരുമാറ്റം എന്നിവ മിറ്റിഗേഷന്‍ അന്വേഷണത്തിലൂടെ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ വധശിക്ഷയില്‍ പുനഃ പരിശോധന ആവശ്യമാണോ എന്ന് കോടതി തീരുമാനിക്കും.

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട കേസിലെ പ്രതി അമീറുല്‍ ഇസ്ലാം ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസിലെ പ്രതിമ നിനോ മാത്യു എന്നിവരുടെ ശിക്ഷാവിധിയിലാണ് പുനഃപരിശോധനയ്ക്ക് സാധ്യത തെളിയുന്നത് . ഇരുവരും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിലാണ്. കേരളത്തില്‍ ആദ്യമായാണ് മിറ്റിഗേഷന്‍ പരിശോധനയ്ക്ക് ഹൈക്കോടതി ഉത്തരവിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here