അവന്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്കായി കളിക്കും, സ‍ഞ്ജുവിന്‍റെയും കിഷന്‍റെയും പകരക്കാരന്‍റെ പേരുമായി സെവാഗ്

0
231

മുംബൈ: റിഷഭ് പന്തിനും കെ എല്‍ രാഹുലിനും പരിക്കേറ്റതോടെ ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ മലയാളി താരം സഞ്ജു സാംസണും മുംബൈ ഇന്ത്യന്‍സ് താരം ഇഷാന്‍ കിഷനും മുന്നിലെത്തിയെങ്കിലും ഇവര്‍ക്ക് പകരക്കാരനെ നിര്‍ദേശിച്ച് മുന്‍ താരം വീരേന്ദര്‍ സെവാഗ്. പഞ്ചാബ് കിംഗ്സ് താരം ജിതേഷ് ശര്‍മയെ ആണ് സെവാഗ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് നിര്‍ദേശിക്കുന്നത്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ജിതേഷ് ഇന്ത്യക്കായി കളിക്കുമെന്നും സെവാഗ് പ്രവചിക്കുന്നു. ഐപിഎല്ലില്‍ ഇഷാന്‍ കിഷനും സഞ്ജു സാംസണും പതിവ് ഫോമിലേക്ക് ഉയരാനാവാത്ത സാഹചര്യത്തിലാണ് സെവാഗിന്‍റെ പ്രവചനമെന്നതും ശ്രദ്ധേയമാണ്.

ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ജിതേഷ് മുംബൈ ഇന്ത്യന്‍സിനെതിരെ 27 പന്തില്‍ 49 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. മുംബൈ ബൗളിംഗിന് മൂര്‍ച്ചയില്ലായിരുന്നെങ്കിലും ജിതേഷിന്‍റെ പ്രകടനത്തെ വിലകുറച്ച് കാണാനാവില്ലെന്ന് സെവാഗ് പറ‍ഞ്ഞു. മൊഹാലിയിലേത് ബാറ്റിംഗ് പിച്ചായിരുന്നുവെന്നതും മുംബൈ ബൗളിംഗിന് മൂര്‍ച്ചയില്ലായിരുന്നുവെന്നതും ശരിയാണ്. പക്ഷെ ജിതേഷ് കഠിനാധ്വാനം ചെയ്ത് തന്നെയാണ് മുംബൈക്കെതിരെ റണ്‍സടിച്ചത്. അടിക്കേണ്ട പന്തുകള്‍ അടിച്ചും ബൗണ്ടറി നേടാന്‍ കഴിയാത്ത പന്തുകളില്‍ സിംഗിളെടുത്തും കളിക്കുന്ന ജിതേഷിന്‍റെ ശൈലി എനിക്കിഷ്ചമായി. ടി20 ക്രിക്കറ്റിന്‍റെ അടിസ്ഥാനപാഠങ്ങള്‍ നല്ലപോലെ മനസിലാക്കിയ കളിക്കാരനാണ് ജിതേഷ്. അവനെ നോക്കിവെച്ചോളു, ഒരു വര്‍ഷത്തിനകം അവന്‍ ഇന്ത്യക്കായി കളിക്കും-സെവാഗ് പറ‍ഞ്ഞു.

ശ്രീലങ്കയ്ക്ക് എതിരെ ഈ വര്‍ഷം ആദ്യം നടന്ന ട്വന്‍റി 20 പരമ്പരക്കിടെ സഞ്ജു സാംസണ് പരിക്കേറ്റപ്പോള്‍ ഇന്ത്യൻ ടീമിലെത്തിയ താരമാണ് 29കാരനായ ജിതേഷ്. എന്നാല്‍, പ്ലേയിംഗ് ഇലവനില്‍ ജിതേഷിന് അവസരം ലഭിച്ചിരുന്നില്ല. ഐപിഎല്ലില്‍ 2017ല്‍ മുംബൈ ഇന്ത്യസിലെത്തിയ ജിതേഷ് പിന്നീട് പഞ്ചാബ് കിംഗ്‌സില്‍ എത്തിയതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരെ 17 പന്തില്‍ 26 റണ്‍സടിച്ചായിരുന്നു പഞ്ചാബ് കുപ്പായത്തിലെ അരങ്ങേറ്റം. ഇതുവരെ പഞ്ചാബ് കിംഗ്‌സിനായി 22 മത്സരങ്ങള്‍ കളിച്ച താരം 473 റണ്‍സ് നേടിയിട്ടുണ്ട്.

 

ആഭ്യന്തര ക്രിക്കറ്റില്‍ വിദര്‍ഭയ്ക്കായി കളിക്കുന്ന താരം സ്ഥിരതയുള്ള ബാറ്ററാണ്. 2014ല്‍ മുഷ്താഖ് അലി ടി20യിലും വിജയ് ഹസാരെയിലും അരങ്ങേറി. 2015-16 സീസണില്‍ മുഷ്‌താഖ് അലി ട്രോഫിയിലെ മൂന്നാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായിരുന്നു. 140 സ്ട്രൈക്ക് റേറ്റില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറികളും സഹിതം 343 റണ്‍സാണ് അന്ന് ജിതേഷ് നേടിയത്. ഇതോടെയാണ് 2016ലെ താരലേലത്തില്‍ ജിതേഷിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here