ഐസിസി വരുമാനത്തിന്‍റെ പകുതിയും ബിസിസിഐയുടെ പോക്കറ്റിലേക്ക്, രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ട്

0
140

ദുബായ്: രാജ്യാന്തര ക്രിക്കറ്റില്‍ ബിസിസിഐയുടെ അധീശത്വത്തിന് അടുത്തൊന്നും കോട്ടം തട്ടില്ലെന്ന് ഉറപ്പായി. ഐസിസി കഴിഞ്ഞ ദിവസം പുറത്തുവിട്ട അടുത്ത നാലു വര്‍ഷത്തേക്കുള്ള വരുമാനം പങ്കിടല്‍ കരാര്‍ അനുസരിച്ച് ഐസിസി വരുമാനത്തിന്‍റെ 38.5 ശതമാനവും ലഭിക്കുക ബിസിസിഐക്കായിരിക്കും. ഓരോ വര്‍ഷവും ഏകദേശം 1889 കോടി രൂപയാണ് ഇത്തരത്തില്‍ ബിസിസിഐക്ക് ലഭിക്കുക.

ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്. എന്നാല്‍ ബിസിസിഐക്ക് ലഭിക്കുന്ന വരുമാനത്തിന്‍റെ ആറില്‍ ഒന്ന് മാത്രമാണ് ഇംഗ്ലണ്ടിന് ലഭിക്കുക. ഐസിസി വരുമാനത്തിന്‍റെ 6.89 ശതമാനമായിരിക്കും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് കൈമാറുക. 6.25 ശതമാനം ലഭിക്കുന്ന ഓസ്ട്രേലിയ ആണ് മൂന്നാം സ്ഥാനത്ത്. മൂന്ന് ക്രിക്കറ്റ് ബോര്‍ഡുകളും കൂടി ഐസിസിയുടെ ആകെ വരുമാനത്തിന്‍റെ പകുതിയും സ്വന്തമാക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് വരുമാനത്തിന്‍റെ 5.75 ശതമാനവും ന്യൂസിലന്‍ഡിന് 4.73 ശതമാനവും വെസ്റ്റ് ഇന്‍ഡീസിന് 4.58 ശതമാനവും ശ്രീലങ്കക്ക് 4.52 ശതമാനവും ബംഗ്ലാദേശിന് 4.46 ശതമാനവും ദക്ഷിണാഫ്രിക്കക്ക് 4.37 ശതമാനവുമാണ് ഐസിസില്‍ നിന്ന് ലഭിക്കുക.

ലോകകപ്പ് ഉള്‍പ്പെടെയുള്ള ടൂര്‍ണമന്‍റുകളുടെ സംപ്രേഷണാവകാശം വില്‍ക്കുന്നതിലൂടെയാണ് ഐസിസി പ്രധാനമായും വരുമാനം കണ്ടെത്തുന്നത്. അടുത്ത നാലു വര്‍ഷത്തേക്കുള്ള ഐസിസി ടൂര്‍ണമെന്‍റുകളുടെ സംപ്രേഷണവകാശം വിറ്റുപോയത് 3.2 ബില്യണ്‍ ഡോളറിനായിരുന്നു. അഞ്ച് മേഖലകളെ വ്യത്യസ്തമായി തിരിച്ചാണ് ഇത്തവണ സംപ്രേഷണവകാശം വിറ്റത്. ഇതില്‍ ഡിസ്നി ഹോട് സ്റ്റാര്‍ അടുത്ത നാലു വര്‍ഷത്തേക്ക് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സംപ്രേഷണവകാശം സ്വന്തമാക്കിയത് 3 ബില്യണ്‍ ഡോളറിനാണ്. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന്‍റെ സംപ്രേഷണവകാശവും സ്റ്റാര്‍ സ്പോര്‍ട്സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here