കസിന്റെ സഹായത്തോടെ വിവാഹത്തിന് മുമ്പ് ഒളിച്ചോട്ടം, പെൺകുട്ടിയും കാമുകനും കസിനും അപകടത്തിൽ മരിച്ചു

0
250

വിവാഹദിവസം വൈകുന്നേരം കസിന്റെ സഹായത്തോടെ ഒളിച്ചോടിയ പെൺകുട്ടി സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു. അപകടത്തിൽ പെൺകുട്ടിയും കാമുകനും കസിനും മരിച്ചു. ദാരുണമായ സംഭവം നടന്നത് ഉത്തർ പ്രദേശിലെ മിർസാപൂരിലാണ്. ജി​ഗ്ന പ്രദേശത്ത് വച്ചാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം, അപകടം നടക്കുന്ന സമയത്ത് പെൺകുട്ടിയും കാമുകനും കസിനും ഒരു മോട്ടോർസൈക്കിളിൽ സഞ്ചരിച്ചു കൊണ്ടിരിക്കുകയായിരുന്നു. വളരെ വേ​ഗത്തിലാണ് ടു വീലർ സഞ്ചരിച്ചു കൊണ്ടിരുന്നത്. വാഹനം അതുവഴി കടന്നു വരികയായിരുന്ന ‌ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് ജി​ഗ്ന സ്റ്റേഷൻ ഓഫീസർ അരവിന്ദ് പാണ്ഡേ ന്യൂസ് ഏജൻസിയോട് പറഞ്ഞു.

റാണി, കരൺ, വികാസ് എന്നിവരാണ് മരിച്ചത് എന്ന് വീട്ടുകാർ തിരിച്ചറിഞ്ഞു. മൂവരുടേയും പ്രായം 21 വയസാണ്. പ്രയാ​ഗ്‍രാജ് സ്വദേശിയായ യുവാവുമായി റാണിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ, റാണിക്ക് ഈ വിവാഹത്തിന് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. അയൽക്കാരനായ യുവാവുമായി റാണി പ്രണയത്തിലായിരുന്നു. ഈ യുവാവ് റാണിയുടെ കസിന്റെ സുഹൃത്തും ആയിരുന്നു.

അതുകൊണ്ട് തന്നെ കസിൻ റാണിയേയും കാമുകനേയും വിവാഹത്തിന് മുമ്പ് ഒളിച്ചോടാൻ സഹായിക്കാം എന്നും സമ്മതിച്ചിരുന്നു. അങ്ങനെ മൂവരും കൂടി ഞായറാഴ്ച നടക്കാനിരുന്ന ചടങ്ങിന് മുമ്പായി ഒളിച്ചോടാൻ തീരുമാനിക്കുകയായിരുന്നു. തീരുമാനിച്ച പ്രകാരം ശനിയാഴ്ച തന്നെ റാണിയുടെ കസിനും കാമുകനും ഒരു മോട്ടോർസൈക്കിളിൽ റാണിയുടെ വീട്ടിലെത്തി. വീട്ടിൽ എല്ലാവരും വിവാഹ ഒരുക്കത്തിന്റെ തിരക്കിലായിരുന്നു. അതിനിടെ റാണി ആരും അറിയാതെ വീട്ടിൽ നിന്നും ഇറങ്ങി.

മൂന്നുപേരും കൂടി മോട്ടോർസൈക്കിളിൽ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ സഞ്ചരിച്ച് കഴിഞ്ഞപ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തിൽ മൂന്നുപേരും ദാരുണമായി കൊല്ലപ്പെടുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here