പ്രവാസികളുടെ തൊഴില്‍ വിസ സംബന്ധിച്ച സുപ്രധാന തീരുുമാനത്തിന് അംഗീകാരം; ഇനി വിസ പുതുക്കുന്നത് ഈ മാറ്റത്തോടെ

0
120

അബുദാബി: യുഎഇയില്‍ പ്രവാസികളുടെ തൊഴില്‍ വിസയുടെ കാലാവധി മൂന്ന് വര്‍ഷമാക്കി വര്‍ദ്ധിപ്പിക്കാനുള്ള ശുപാര്‍ശയ്ക്ക് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. നിലവില്‍ രണ്ട് വര്‍ഷ കാലാവധിയിലാണ് തൊഴില്‍ വിസകള്‍ അനുവദിക്കുന്നത്. തൊഴില്‍ പെര്‍മിറ്റുകള്‍ എടുക്കുന്നതിനുള്ള ചെലവ് കുറയ്ക്കണമെന്ന ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് തീരുമാനം.

യുഎഇയിലെ മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് തൊഴില്‍ വിസകള്‍ അനുവദിക്കുന്നത്. തൊഴില്‍ പെര്‍മിറ്റില്ലാതെ യുഎഇയില്‍ ജോലി ചെയ്യുന്നത് കുറ്റകരവുമാണ്. ധനകാര്യ, സാമ്പത്തിക, വ്യാവസായിക കാര്യങ്ങള്‍ക്കുള്ള ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ കമ്മിറ്റിയാണ് തൊഴില്‍ വിസകളുടെ കാലാവധി നിലവിലുള്ള രണ്ട് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമാക്കി വര്‍ദ്ധിപ്പിക്കണമെന്ന ശുപാര്‍ശ നല്‍കിയത്. തൊഴില്‍ മാറുമ്പോള്‍ വിസാ ഫീസ് എടുത്തുകളയണമെന്ന മറ്റ് ശുപാര്‍ശകളും ഇതോടൊപ്പമുണ്ടായിരുന്നു. അതേസമയം പ്രൊബേഷന്‍ പീരിഡ് കഴിഞ്ഞ് തൊഴിലാളികള്‍ ഒരു തൊഴിലുടമയുടെ കീഴില്‍ ഒരു വര്‍ഷമെങ്കിലും ജോലി ചെയ്യണമെന്ന കമ്മിറ്റിയുടെ ശുപാര്‍ശ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകരിച്ചു. എന്നാല്‍ തൊഴിലുടമ അനുമതി നല്‍കുകയാണെങ്കില്‍ ഈ നിബന്ധന ഒഴിവാക്കുകയും ചെയ്യാം.

ഈ വര്‍ഷം രാജ്യത്തെ വിവിധ സ്ഥാപനങ്ങളില്‍ 72,000ല്‍ അധികം പരിശോധനകള്‍ നടത്തിയതായി മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിനെ അറിയിച്ചു. ഇവയില്‍ 2300 പരിശോധനകള്‍, യുഎഇയിലെ സ്വദേശിവത്കരണത്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുന്നത് സംബന്ധിച്ചായിരുന്നു. ഇത്തരത്തിലുള്ള 430 സംഭവങ്ങള്‍ കണ്ടെത്തുകയും അവയില്‍ ചിലത് തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്‍തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വദേശിവത്കരണത്തില്‍ കൃത്രിമം കാണിച്ചതായി കണ്ടെത്തിയ 20 സ്ഥാപനങ്ങളെ ഈ വര്‍ഷം ജനുവരിയില്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 296 സ്വദേശികളെ നിയമിച്ചതായി വ്യാജ രേഖയുണ്ടാക്കിയ ഒരു കമ്പനിയുടെ ഉടമയെയും മാനേജറെയും അറസ്റ്റ് ചെയ്യുകയും ചെയ്‍തു.

LEAVE A REPLY

Please enter your comment!
Please enter your name here