പരപ്പനങ്ങാടി: പുത്തന്‍ കടപ്പുറത്തെ കുന്നുമ്മല്‍ സൈതലവിയുടെ വീട്ടില്‍ വ്യാഴാഴ്ച ആഘോഷം തിരതല്ലേണ്ടതായിരുന്നു. പ്ലസ് ടു ഫലം വന്നപ്പോള്‍ സൈതലവിയുടെ മകളായ അസ്‌ന ഫസ്റ്റ് ക്ലാസോടെ മികച്ച വിജയം നേടി.
ശലഭങ്ങളെപ്പോലെ ഏഴു കുരുന്നുകള്‍ പാറിനടന്നിരുന്ന വീട്ടില്‍ പക്ഷേ, ഈ വിജയമാഘോഷിക്കാന്‍ ഇന്നാരുമില്ല. നിസ്സഹായരായ സൈതലവിയും അനിയന്‍ സിറാജും കണ്ണീര്‍ വറ്റിയ കണ്ണുകളുമായി മാതാവ് റുഖിയയും മാത്രം.
മേയ് ഏഴിന് താനൂരുണ്ടായ ബോട്ടപകടത്തില്‍ അസ്‌നയടക്കം സൈതലവിയുടെയും സിറാജിന്റെയും വീട്ടിലെ ഒന്‍പതുപേരെയാണ് നഷ്ടമായത്. സഹോദരനായ ജാബിറിന്റെ കുടുംബത്തിലെ രണ്ടുപേരെയും.
ബി.ഇ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് അസ്ന പഠിച്ചിരുന്നത്. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എട്ട് എ പ്ലസ് നേടി. പ്ലസ്ടുവിന് കൊമേഴ്‌സിനാണ് സീറ്റ് കിട്ടിയത്. അസ്നയുടെ സ്‌കൂളില്‍തന്നെ പ്ലസ് വണ്ണിനായിരുന്നു അനിയത്തി ഷംലയും പഠിച്ചിരുന്നത്.
വളരെ സൗകര്യം കുറഞ്ഞ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. കുട്ടികളുടെ പുസ്തകവും വസ്ത്രവും സൂക്ഷിക്കാന്‍തന്നെ സ്ഥലമില്ലാത്ത സ്ഥിതി. മക്കളെ പഠിപ്പിച്ച് നല്ലനിലയിലെത്തിക്കണമെന്ന ആഗ്രഹം സൈതലവിക്കുണ്ടായിരുന്നു.
അപകടത്തിനു രണ്ടു ദിവസം മുന്‍പാണ് അസ്നയുടെ പതിനെട്ടാം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാളിന് അവള്‍തന്നെ മുന്‍കൈയെടുത്ത് ബിരിയാണി വെച്ചത് സൈതലവി വേദനയോടെ ഓര്‍ത്തു.
അസ്നയും ഷംലയും ഒരുമിച്ച് പഠിക്കാനിരുന്നത് ഓര്‍മയില്‍ നില്‍ക്കുന്നുണ്ടെന്ന് പിതൃസഹോദരിയായ ആരിഫ പറഞ്ഞു. ഇരുവരും ഒന്നാം ക്ലാസ് മുതല്‍ ഒരു സ്‌കൂളിലാണ് പഠിച്ചിരുന്നത്. എസ്.പി.സി. കേഡറ്റായിരുന്ന അസ്ന, ക്ലാസില്‍ ഏല്‍പ്പിക്കുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്തിരുന്നതായും അധ്യാപികയായ ഷാലി മാത്യു പറഞ്ഞു.
അസ്‌നയും അവളോടൊപ്പം വിജയമാഘോഷിക്കേണ്ട ഉമ്മ സീനത്തും സഹോദരങ്ങളായ ഷംനയും ഷഹ്ലയും ഫിദാ ദില്‍നയുമുള്‍പ്പെടെ പതിനൊന്നുപേര്‍ ഇന്നുള്ളത് അരയന്‍കടപ്പുറം ജുമാമസ്ജിദിലെ കബറിസ്താനിലാണ്.
യാത്രക്കാരെ കുത്തിനിറച്ച് അറ്റ്ലാന്റിക് ബോട്ട് പൂരപ്പുഴയുടെ ആഴങ്ങളിലേക്ക് കൊണ്ടുപോയത് സൈതലവിയെപ്പോലുള്ള ഒരുപാടുപേരുടെ പ്രതീക്ഷകളെ കൂടിയാണ്.