അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ ആവേശം അവസാന പന്തിലേക്ക് നീണ്ട പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് അവിശ്വസനീയ ജയവുമായി അഞ്ചാം കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ എല്ലാം മുന്‍കൂട്ടിയെഴുതിയ തിരക്കഥയെന്ന വാദവുമായി ഒരുവിഭാഗം ആരാധകര്‍. അവസാന ഓവറില്‍ ജയിക്കാന്‍ 13 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ആദ്യ നാലു പന്തില്‍ മൂന്ന് റണ്‍സ് മാത്രം വഴങ്ങി ഗുജറാത്തിനെ വിജയത്തിന് അടുത്തെത്തിച്ച മോഹിത് ശര്‍മക്ക് അവസാന രണ്ട് പന്തില്‍ ഗുജറാത്ത് പരിശീലകന്‍ ആശിഷ് നെഹ്റയും ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് നല്‍കിയ ഉപദേശമാണ് കളി കൈവിടാന്‍ കാരണായതെന്നും ആരാധകരില്‍ ഒരുവിഭാഗം ആരോപിക്കുന്നു.
അതുവരെ യോര്‍ക്കര്‍ ലെങ്തില്‍ പന്തെറിഞ്ഞ് ശിവം ദുബെയയെയും രവീന്ദ്ര ജഡേജയെയും ക്രീസില്‍ പൂട്ടിയിട്ട മോഹിത് നെഹ്റാജിയുടെ ഉപദേശത്തിനുശേഷം ജഡേജക്ക് എറിഞ്ഞത് ഓവര്‍ പിച്ച് പന്തായിരുന്നു. ആ പന്ത് സിക്സിന് പറത്തി ജഡേജ ചെന്നൈക്ക് ജീവശ്വാസം നല്‍കി. ഫൈന്‍ ലെഗ് ഫീല്‍ഡറെ 30വാര സര്‍ക്കിളിനുള്ളില്‍ നിര്‍ത്തിയിട്ടും ഇടം കൈയന്‍ ബാറ്ററായ രവീന്ദ്ര ജഡേജക്ക് ലെഗ് സ്റ്റംപില്‍ ഫുള്‍ട്ടോസ് എറിയാനുള്ള ബുദ്ധി ഉപദേശിച്ച ഹാര്‍ദ്ദിക്കും നെഹ്റയും ചേര്‍ന്നാണ് കളി തോല്‍പ്പിച്ചതെന്നും ആരാധകര്‍ പറയുന്നു.
അവസാന രണ്ട് പന്തില്‍ ചെന്നൈക്ക് ജയിക്കാന്‍ 10 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ വിഐപി ഗ്യാലറിയിലിരുന്ന് ജയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ ആംഗ്യം കാട്ടിയത് കണ്ടാല്‍ തന്നെ ചെന്നൈയെ ജയിപ്പിക്കാനായി എല്ലാം മുന്‍കൂട്ടിയ തയാറാക്കിയ തിരക്കഥയാണെന്ന് മനസിലാവുമെന്നും ജഡേജ സിക്സും ഫോറും അടിപ്പിച്ച് ചെന്നൈയെ ജയിപ്പിച്ചപ്പോഴും ടെന്‍ഷനൊ ദുഖമോ ഇല്ലാതെ ചിരിച്ച് നില്‍ക്കുന്ന ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദക്കിന്‍റെ ദൃശ്യങ്ങളും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
മോഹിത് ശര്‍മയുടെ അവസാന ഓവറിലെ ആദ്യ നാലു പന്തുകള്‍ക്ക് ശേഷം ഗുജറാത്ത് പരിശീലകന്‍ ആശിഷ് നെഹ്റ മോഹിത്തിനുളള സന്ദേശവുമായി പന്ത്രണ്ടാമനെ വെള്ളക്കുപ്പിയുമായി ഗ്രൗണ്ടിലേക്ക് അയച്ചത് എന്തിനാണെന്നും ആ സമയം മോഹിത് വെള്ളം ആവശ്യപ്പെടുകയോ ഹാര്‍ദ്ദിക് ഉപദേശം തേടുകയോ ചെയ്തിരുന്നില്ലെന്നും ആരാധകര്‍ പറഞ്ഞു. ചെന്നൈയെ ചാമ്പ്യന്‍മാരാക്കുക എന്നത് ബിസിസിഐയുടെ തിരക്കഥയായിരുന്നെന്നും ഈ ഐപിഎല്ലോടെ ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അതെന്നും പറയുന്നവരുമുണ്ട്.
ഇന്നലെ നടന്ന ഐപിഎല്‍ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് സായ് സുദര്‍ശന്‍റെയും വൃദ്ധിമാന്‍ സാഹയുടെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സടിച്ചു. സാഹ 39 പന്തില്‍ 54 റണ്‍സെടുത്തപ്പള്‍ സുദര്‍ശന്‍ 47 പന്തില്‍ 96 റണ്‍സടിച്ച് പുറത്തായി. ചെന്നൈ ബാറ്റിംഗ് തുടങ്ങിയതിന് പിന്നാലെ കനത്ത മഴമൂലം മത്സരം നിര്‍ത്തിവെച്ചു. മഴ മാറിയപ്പോള്‍ ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറില്‍ 171 റണ്‍സായി പുനര്‍നിശ്ചയിച്ച. 15 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ ലക്ഷ്യത്തിലെത്തിയത്. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ 10 റണ്‍സ് വേണ്ടിയിരുന്ന ചെന്നൈക്കായി അഞ്ചാം പന്തില്‍ സിക്സും ആറാം പന്തില്‍ ബൗണ്ടറിും നേടിയ രവീന്ദ്ര ജഡേജ അവിശ്വസനീയ ജയം സമ്മാനിച്ചത്. ചെന്നൈയുടെ അഞ്ചാം ഐപിഎല്‍ കിരീടമാണിത്. തുടര്‍ച്ചയായ രണ്ടാം കിരീടമെന്ന ഗുജറാത്തിന്‍റെ മോഹമാണ് ഇന്നലെ ഹോം ഗ്രൗണ്ടില്‍ പൊലിഞ്ഞത്.