എനിക്ക് വേണ്ടി ജനങ്ങളെ തടഞ്ഞിട്ട് ബുദ്ധിമുട്ടിക്കേണ്ട! മാസ് തീരുമാനവുമായി സിദ്ധരാമയ്യ, കയ്യടിച്ച് ജനങ്ങള്‍

0
231

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ജനപ്രിയ നടപടികളുമായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ മുന്നോട്ട്. തന്‍റെ വാഹനം കടന്ന് പോകുമ്പോൾ മറ്റ് വാഹനങ്ങൾ തടഞ്ഞ് ഗതാഗതം സുഗമമാക്കേണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം നല്‍കി കഴിഞ്ഞു. സീറോ ട്രാഫിക് പ്രോട്ടോക്കോൾ മാറ്റാൻ കമ്മീഷണർക്ക്‌ നിർദേശം നൽകിയെന്നും അദ്ദേഹം അറിയിച്ചു. മറ്റ് വാഹനങ്ങൾ തടയുന്നത് മൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് നേരിട്ട് കണ്ടതിനാലാണ് നിർദേശമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

ബംഗളുരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് സിദ്ധരാമയ്യ സത്യപ്രസിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമടക്കം 12 പാർട്ടികളുടെ പ്രതിനിധികൾ ചടങ്ങിനെത്തിയിരുന്നു. മോദി നയിക്കുന്ന ബിജെപിയെ എതിരിടാൻ 2024 ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വഴി വെട്ടുകയാണ് കോൺഗ്രസ് ചെയ്യുന്നത്.

രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കൊപ്പം ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവർ മുതൽ നടനും രാഷ്ട്രീയനേതാവുമായ കമൽഹാസനും സിപിഎം, സിപിഐ ജനറൽ സെക്രട്ടറിമാരും വരെ വേദിയിലൊന്നിച്ചെത്തി, കുശലം പറഞ്ഞു, സൗഹൃദം പങ്കിട്ടു. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ ക്ഷണിച്ചിരുന്നെങ്കിലും ചടങ്ങിൽ പങ്കെടുത്തില്ല.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാകട്ടെ പ്രതിനിധിയെ അയച്ചു. പണവും അധികാരവുമുള്ള ബിജെപിയെ കയ്യിലൊന്നുമില്ലാതെ കോൺഗ്രസ് എതിരിട്ട് നേടിയ വിജയത്തിന് മധുരമേറെയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. 2018-ലാണ് സമാനമായ ഒരു പ്രതിപക്ഷ ഐക്യനിരയുടെ സൗഹൃദക്കാഴ്ച രാജ്യം കണ്ടത്. എന്നാൽ 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിയെ നേരിടാൻ പ്രതിപക്ഷത്തെ ഒരു കുടക്കീഴിൽ അണിനിരത്താൻ കോൺഗ്രസിന് കഴിഞ്ഞില്ല. വീണ്ടുമൊരു ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുമ്പോൾ, പ്രതിപക്ഷത്തിന്‍റെ ഈ ശക്തിപ്രകടനം നിർണായകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here