ആർ.എസ്.എസിനെ നിരോധിക്കുമെന്ന് പറഞ്ഞിട്ടില്ല: സിദ്ധരാമയ്യ

0
277

ബംഗളൂരു: ആർ.എസ്.എസിനെ നിരോധിക്കുമെന്ന് കർണാടക സർക്കാർ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മന്ത്രിയായ പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വലിയ ചർച്ചയായ സാഹചര്യത്തിലാണ് വിശദീകരണവുമായി സിദ്ധരാമയ്യ രംഗത്തെത്തിയത്. സമൂഹത്തിൽ സമാധാനവും സഹവർത്തിത്വവും തകർക്കുന്ന എതൊരു സംഘടനക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ആർ.എസ്.എസ് നിരോധനത്തെക്കുറിച്ച് പാർട്ടി ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

മന്ത്രിയായ പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചത്. സദാചാര പൊലീസിങ് നടത്തുന്ന സംഘടന ഏതാണെങ്കിൽ നിരോധിക്കാൻ തങ്ങൾക്ക് ഒരു മടിയുമില്ല. അത് ആർ.എസ്.എസോ ബജ്‌റംഗ്ദളോ മറ്റേത് വർഗീയ സംഘടനയാണെങ്കിൽ അങ്ങനെത്തന്നെയാണെന്നും ഖാർഗെ പറഞ്ഞിരുന്നു.

മുൻ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന നിയമങ്ങൾ തങ്ങൾ മാറ്റും. ഏതെങ്കിലും വ്യക്തികളോ സംഘടനകളോ സമാധാനത്തിന് ഭീഷണിയാവുകയോ ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുകയോ ചെയ്താൽ അവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സർക്കാരിന് ശേഷിയുണ്ടെന്നും പ്രിയങ്ക് ഖാർഗെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഖാർഗെയുടെ പ്രസ്താവനയോട് ശക്തമായ ഭാഷയിലാണ് ബി.ജെ.പി നേതാക്കൾ പ്രതികരിച്ചത്. ആർ.എസ്.എസിനെ നിരോധിക്കാനുള്ള ശേഷിയുണ്ടെങ്കിൽ ചെയ്ത് കാണിക്കൂ എന്നായിരുന്നു മുൻ മുഖ്യമന്ത്രി ബസവാജ് ബൊമ്മെയുടെ വെല്ലുവിളി. ആർ.എസ്.എസിനെയോ ബജ്‌റംഗ്ദളിനെയോ നിരോധിക്കാൻ ശ്രമിച്ചാൽ കോൺഗ്രസ് സർക്കാരിന് നിലനിൽക്കാനാവില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കാട്ടീലും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here