‘ഞാന്‍ മരിച്ചുവെന്ന് പറഞ്ഞ് നിങ്ങളെ പറ്റിച്ചതല്ലെ’, മറഡോണയുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് അമ്പരന്ന് ആരാധകര്‍

0
237

ബ്യൂണസ് അയേഴ്സ്: മൂന്ന് വര്‍ഷം മുമ്പ് അന്തരിച്ച അര്‍ജന്‍റീന ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് തന്‍റെ മരണത്തെക്കുറിച്ച് വ്യാജ സന്ദേശമെത്തിയത് ആരാധകരെ അമ്പരപ്പിച്ചു. ഞാന്‍ മരിച്ചിട്ടില്ലെന്നും നിങ്ങളെയെല്ലാം പറ്റിച്ചതാണെന്നുമായിരുന്നു മറഡോണയുടെ ഔദ്യോഗിക ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നുള്ള സന്ദേശം. എന്നാല്‍ മറഡോണയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പിന്നീട് കുടുംബം സ്ഥിരീകരിച്ചു. സംഭവത്തില്‍ കുടുംബം ആരാധകരോട് മാപ്പു ചോദിക്കുകയും ചെയ്തു.

ഇത് മാത്രമായിരുന്നില്ല, അസാധാരണമായ നിരവധി സന്ദേശങ്ങളാണ് മറഡോണയുടെ അക്കൗണ്ടില്‍ നിന്ന് കഴിഞ്ഞ രണ്ട് ദിവസമായി വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ആരാണ് അക്കൗണ്ട് ഹാക്ക് ചെയ്തത് എന്നതിനെക്കുറിച്ച് ഇതുവരെ സ്ഥീരീകരണമൊന്നും വന്നിട്ടില്ല. മറഡോണയുടെ അക്കൗണ്ടില്‍ നിന്ന് വരുന്ന സന്ദേശങ്ങള്‍ അവഗണിക്കാന്‍ കുടുംബം ആരാധകരോട് ആവശ്യപ്പെട്ടു.

സ്പെയിനില്‍ വംശീയ അധിക്ഷേപത്തിന് വിധേയനായ റയല്‍ മാഡ്രിഡിന്‍റെ ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയറിനെ പിന്തുണച്ചുകൊണ്ടുള്ള സന്ദേശമാണ് ഇന്നലെ അര്‍ധരാത്രിയോടെ മറഡൊണയുടെ പ്രൊഫൈലില്‍ ആദ്യം വന്നത്. പിന്നാലെ നിങ്ങള്‍ക്ക് അറിയാമോ ഞാന്‍ മരിച്ചുവെന്ന് പറഞ്ഞ് നിങ്ങളെ പറ്റിച്ചില്ലെ എന്ന സന്ദേശവും വന്നതോടെയാണ് ആരാധകര്‍ ഇത് ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

അതിനുശേഷം സ്വര്‍ഗത്തില്‍ കൊക്കോ കോളയില്ലെന്നും പെപ്സി മാത്രമെയുള്ളൂവെന്നും മെസിയും റൊണാള്‍ഡോയും നീണാള്‍ വാഴട്ടെ തുടങ്ങിയ സന്ദേശങ്ങളും വന്നു.  തലച്ചോറില്‍ രക്തം കട്ടപിടിച്ചതിന് ചികിത്സയിലായിരിക്കെ 2020 നവംബര്‍ 20ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മറഡോണ അന്തരിച്ചത്.അര്‍ജന്‍റീനയെ 1986ലെ ലോകകപ്പ് നേട്ടത്തിലേക്കും 1990ലെ ഫൈനലിലേക്കും നയിച്ചത് മറഡോണയുടെ മികവായിരുന്നു. 2022ല്‍ ലിയോണല്‍ മെസിക്ക് കീഴില്‍ അര്‍ജന്‍റീന വീണ്ടും ലോകകപ്പി‍ മുത്തമിടുന്നത് കാണാതെയാണ് ഫുട്ബോളിലെ എക്കാലത്തെയും വലിയ പ്രതിഭകളിലൊരാളായ മറഡോണ ആരവങ്ങളില്ലാത്ത ലോകത്തേക്ക് മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here