ചെന്നൈയോ ഗുജറാത്തോ, രണ്ടിലൊന്ന് ഇന്നറിയാം; റിസര്‍വ് ദിനത്തിലും മഴ കളിച്ചാല്‍ ഐപിഎല്‍ കിരീടം ആര് സ്വന്തമാക്കും

0
164

അഹമ്മദാബാദ്: കാത്തു കാത്തിരുന്ന ഐപിഎല്‍ കലാശപ്പോരാട്ടം മഴയില്‍ ഒലിച്ചുപോയതിന്‍റെ നിരാശയിലാണ് ആരാധകര്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും ടെലിവിഷനും മൊബൈല്‍ ഫോണിനും മുന്നിലും പാതിരാത്രി വരെ ആരാധകര്‍ ഉറക്കമിളച്ച് കാത്തിരുന്നിട്ടും ഒറ്റ പന്ത് പോലും എറിയാനാകാതെയാണ് ഇന്നല നടക്കേണ്ട ഫൈനല്‍ റിസര്‍വ് ദിനമായ ഇന്നത്തേക്ക് മാറ്റിയത്. റിസര്‍വ് ദിനമായ ഇന്നും അഹമ്മദാബാദിലെ കാലാവസ്ഥാ റിപ്പോര്‍ട്ട് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്നതല്ല.

റിസര്‍വ് ദിനമായ ഇന്നും മഴമൂലം മത്സരം 7.30ന് തുടങ്ങാനാവുമോ എന്നാണ് ആരാധകരുടെ ആശങ്ക. 7.30ന് തുടങ്ങാനായില്ലെങ്കിലും രാത്രി 9.40വരെ കട്ട് ഓഫ് ടൈമുണ്ട്. 9.40ന് തുടങ്ങിയാലും ഇരു ടീമിനും 20 ഓവര്‍ വീതമുള്ള മത്സരം സാധ്യമാവും. 9.40ും തുടങ്ങാനായില്ലെങ്കില്‍ മാത്രമെ ഓവറുകള്‍ വെട്ടിക്കുറക്കു.

ഓവറുകള്‍ വെട്ടിക്കുറക്കും

മത്സരം 9.45നാണ് തുടങ്ങുന്നതെങ്കില്‍ 19 ഓവര്‍ വീതമുള്ള മത്സരമായിരിക്കും. 10 മണിക്കാണെങ്കില്‍ 17 ഓവറും 10.30നാണെങ്കില്‍ 15 ഓവറും വീതമുളള മത്സരമായിരിക്കും നടത്തുക.  12.06വരെ ഇത്തരത്തില്‍ ഓവറുകള്‍ വെട്ടിക്കുറച്ച് മത്സരം നടത്താന്‍ സാധ്യമാവുമോ എന്ന് പരിശോധിക്കും.

സൂപ്പര്‍ ഓവര്‍

ഇതിനും സാധ്യമായില്ലെങ്കില്‍ സൂപ്പര്‍ ഓവറെങ്കിലും നടത്താന്‍ സാധ്യമാവുമോ എന്നാകും പരിശോധിക്കുക. ഇതിനായി പുലര്‍ച്ചെ 1.20 വരെ കാത്തിരിക്കും. 1.20നെങ്കിലും പിച്ചും ഔട്ട് ഫീല്‍ഡും മത്സരസജ്ജമാണെങ്കില്‍ സൂപ്പര്‍ ഓവറിലൂടെ കിരീട ജേതാക്കളെ നിര്‍ണയിക്കും.

സൂപ്പര്‍ ഓവറും സാധ്യമായില്ലെങ്കില്‍

പുലര്‍ച്ചെവരെ കാത്തിരുന്നിട്ടും സൂപ്പര്‍ ഓവര്‍ പോലും സാധ്യമായില്ലെങ്കില്‍ പിന്നീട് ഗുജറാത്തിനെ ചാമ്പ്യന്‍മാരായി പ്രഖ്യാപിക്കും. ലീഗ് ഘട്ടത്തില്‍ 20 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി എന്നതിനാലാണ് ഗുജറാത്തിനെ ചാമ്പ്യന്‍മാരായി പ്രഖ്യാപിക്കുക.

ഇന്നലെ ഉച്ചവരെ അഹമ്മദാബാദില്‍ തെളിഞ്ഞ ആകാശമായിരുന്നു. എന്നാല്‍ ടോസ് ഇടേണ്ടതിന് അരമണിക്കൂറിന് മുമ്പ് മാത്രം കനത്ത മഴയെത്തുകയായിരുന്നു. ഇടയ്‌ക്ക് മഴ മാറി പിച്ചിലെ കവര്‍ പൂര്‍ണമായും നീക്കുകയും താരങ്ങള്‍ അവസാനവട്ട വാം അപ് പ്രാക്‌ടീസിനായി തയ്യാറെടുക്കുകയും ചെയ്‌തെങ്കിലും വീണ്ടുമെത്തിയ കനത്ത മഴ എല്ലാ പദ്ധതികളും താളം തെറ്റിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here