മൊബൈല്‍ ഫോണുകളില്‍ നിന്ന് വിശദാംശങ്ങള്‍ ചോര്‍ത്തുന്ന ആന്‍ഡ്രോയ്ഡ് മാല്‍വേറുകളെ സൂക്ഷിക്കണമെന്ന് മുന്നറിപ്പ്. ഡാം എന്ന പേരിലുള്ള വൈറസിനു ഫോണുകളില്‍ കടന്നുകയറി കോള്‍ വിശദാംശങ്ങള്‍, കോണ്ടാക്ടുകള്‍, മുന്‍കാല കോള്‍വിവരങ്ങള്‍ അടക്കം ചോര്‍ത്താന്‍ സാധ്യതയുണ്ടെന്ന് ദേശീയ സൈബര്‍ സുരക്ഷാ ഏജന്‍സി വ്യക്തമാക്കി.
ആന്റി വൈറസ് പ്രോഗ്രാമുകളെ കാഴ്ചക്കാരാക്കിയാണു പ്രവര്‍ത്തനം. ഉപകരണത്തിലേക്കു നുഴഞ്ഞുകയറുന്നതിനു പിന്നാലെ സുരക്ഷാസംവിധാനങ്ങളെ അതിജീവിക്കാനുള്ള ശ്രമമാണ് ഡാം ആദ്യം ചെയ്യുന്നത്. ഇതില്‍ വിജയിക്കുന്നതോടെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്താന്‍ ആരംഭിക്കും.
ക്യാമറ ഉള്‍പ്പെടെയുളളവയിലേക്കു നുഴഞ്ഞുകയറുന്ന മാല്‍വേറിന് നിലവിലെ പാസ്വേഡുകള്‍ മാറ്റാനും സ്‌ക്രീന്‍ ഷോട്ടുകള്‍ പിടിച്ചെടുക്കാനും ഫയലുകളുടെ അപ്ലോഡിങ്/ഡൗണ്‍ലോഡിങ്ങിനും സാധിക്കുമെന്നും ഇന്ത്യന്‍ കമ്പ്യൂട്ട എമര്‍ജന്‍സി റെസ്പോണ്‍സ് ടീം മുന്നറിയിപ്പില്‍ പറയുന്നു. അജ്ഞാതമായ ഉറവിടങ്ങളില്‍നിന്നുള്ള ഫയലുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുകമാത്രമാണ് മാല്‍വേര്‍ ബാധിക്കാതിരിക്കാനുള്ള മാര്‍ഗമെന്നാണു നിര്‍ദേശത്തിലുള്ളത്. രാജ്യത്തെ എല്ലാ ഫോണ്‍ ഉപഭോക്താക്കളും സൂക്ഷിക്കണമെന്നും ദേശീയ സൈബര്‍ സുരക്ഷാ ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.