കർണാടകയിൽ മത്സരിച്ച നാലിടത്തും തോറ്റ് സിപിഎം; വമ്പൻ തിരിച്ചടി

0
150

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനു തിരിച്ചടി. മത്സരിച്ച നാല് മണ്ഡലങ്ങളിലും പാർട്ടി സ്ഥാനാർഥികൾ പരാജയപ്പെട്ടു. സിപിഎമ്മിനു ശക്തമായ സംഘടനാ സംവിധാനമുള്ള സംസ്ഥാനത്തെ ഏക മണ്ഡലമായിരുന്ന ബാഗേപ്പള്ളിയിലൂടെ വിധാൻ സൗധയിലേക്കുള്ള മടങ്ങിവരവു സിപിഎം ലക്ഷ്യമിട്ടിരുന്നെങ്കിലും കോൺഗ്രസിനു മുന്നിൽ അടിപതറി.  കേരളത്തിൽ എൽഡിഎഫ് ഘടകകക്ഷിയായ ജെഡിഎസിന്റെ പിന്തുണയോടെയായിരുന്നു ബാഗേപ്പള്ളിയിൽ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പോരാട്ടം. എന്നാൽ അതും ഗുണം ചെയ്തില്ല.

കോവിഡ് കാലത്തെ ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ ചിക്കബല്ലാപുര ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഡോ. അനിൽകുമാറിനെയാണ് മണ്ഡലം തിരികെ പിടിക്കാൻ സിപിഎം രംഗത്തിറക്കിയിരുന്നത്. എന്നാൽ കോൺഗ്രസ് സ്ഥാനാർഥി എസ്.എൻ.സുബ്ബഖറെഡ്‌ഡി 19,179 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇവിടെ വിജയിച്ചു. ബിജെപിയാണ് രണ്ടാം സ്ഥാനത്ത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത റാലിയോടെയായിരുന്നു ബാഗേപള്ളിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു സിപിഎം തുടക്കം കുറിച്ചത്.

കോലാർ മണ്ഡലത്തിലും സിപിഎമ്മിന് കോൺഗ്രസിനു മുന്നിൽ തോൽവി സമ്മിക്കേണ്ടിവന്നു. കോൺഗ്രസ് സ്ഥാനാർഥി എം.രൂപകലയാണ് സിപിഎം സ്ഥാനാർഥി പി.തങ്കരാജിനെ 50,467 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്. പാർട്ടി മത്സരിച്ച മറ്റു മണ്ഡലങ്ങളായ കെആർ പുര, ഗുൽഭർഗ റൂറൽ എന്നിവടങ്ങളിൽ ബിജെപി സ്ഥാനാർഥിയോടയാണ് സിപിഎം പരാജയപ്പെട്ടത്. ഈ മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥികളായ ബി.എ.ബസവരാജ, എം.ബസവരാജ് എന്നിവരാണ് യഥാക്രമം വിജയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here