ബെംഗളൂരു: കര്‍ണാടക നിയമസഭാ കെട്ടിടത്തിന് പുറത്ത് ഗോ മൂത്രം തളിച്ച് പൂജ നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പുതിയ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ആദ്യ സമ്മേളനത്തിന് മുന്നോടിയായി ശുദ്ധീകരണം നടത്തുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഒരു ബക്കറ്റില്‍ ഗോ മൂത്രം നിറച്ച് അതില്‍ ഇല മുക്കി നിയമസഭയ്ക്ക് ചുറ്റും തളിക്കുകയായിരുന്നു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ നിയമസഭയെ ഗോമൂത്രം ഉപയോഗിച്ച് ശുദ്ധീകരിക്കുമെന്ന് ഡി.കെ ശിവകുമാര്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പറഞ്ഞിരുന്നു എന്നതും ശ്രദ്ധേയമാണ്.
ഇതിനിടെ സിദ്ധരാമയ്യ സര്‍ക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമായി. ബുധനാഴ്ചവരെയാണ് സമ്മേളനം. മുതിര്‍ന്ന അംഗവും കോണ്‍ഗ്രസ് നേതാവുമായ ആര്‍.വി. ദേശ്പാണ്ഡെയെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തിട്ടുണ്ട്. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയും സഭയില്‍ നടന്നുവരികയാണ്.
224 അംഗ കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസ് 135 സീറ്റുകള്‍ നേടിയാണ് വിജയിച്ചത്. ബിജെപിക്ക് 66 സീറ്റുകളും ജനതാദള്‍ എസിന് 19 സീറ്റുകളുമുണ്ട്.
#WATCH | Bengaluru: Congress workers sprinkle cow urine and perform Pooja at the State Assembly in Bengaluru. They said that they are 'purifying' Vidhana Soudha. pic.twitter.com/SWapoH7vOL
— ANI (@ANI) May 22, 2023