താനൂർ അപകടത്തിൽ മരിച്ചവരുടെ ഖബറടക്കത്തിന് വൻ തുക ഈടാക്കിയോ?; പള്ളിക്കമ്മറ്റിക്ക് പറയാനുള്ളത്

0
331

താനൂർ: പൂരപ്പുഴയിലെ ബോട്ടപകടത്തിൽ മരിച്ച ആയിഷാ ബീവിയുടെയും മക്കളുടെയും ഖബറടക്കത്തിന് 20,000 ഈടാക്കിയെന്ന പ്രചാരണം തെറ്റെന്ന് ചെട്ടിപ്പടി പള്ളിക്കമ്മറ്റി ഭാരവാഹികൾ. മരിച്ചവരുടെ ബന്ധുക്കളോട് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് ഇവർ പറഞ്ഞു. അവർ മഹല്ല് പരിധിയിൽ താമസിക്കുന്നവരല്ല. നാട്ടുകാരുടെ അഭ്യർഥനപ്രകാരമാണ് അവരുടെ മയ്യിത്ത് മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കിയതെന്നും കമ്മിറ്റി അംഗങ്ങൾ പറയുന്നു.

കഴിഞ്ഞ ശനിയാഴ്ച ഏതാനും യുവാക്കൾ വന്ന് സ്വമേധയാ പണം നൽകുകയായിരുന്നു. പൊതു ഫണ്ടായി പണം പിരിച്ചതാണെന്ന് പറഞ്ഞാണ് പണം നൽകിയത്. അവർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ റസീറ്റും നൽകി. അത് കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കകം റസീറ്റ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്നും കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

സംഘടനാപരമായ തർക്കങ്ങളൊന്നും മഹല്ലിലില്ല. എല്ലാവരും ഒരുമിച്ചാണ് മഹല്ലിൽ പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ അപകീർത്തികരമായ പ്രചാരണം നടത്തുന്നതിന് പിന്നിലെ ചേതോവികാരം എന്താണെന്ന് അറിയില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here