അര്‍ഷ്ദീപ് വഴങ്ങിയത് 66 റണ്‍സ്, പക്ഷെ മോശം ബൗളിംഗിന്‍റെ റെക്കോര്‍ഡ് ഇപ്പോഴും മലയാളി താരത്തിന്‍റെ പേരില്‍

0
201

ചണ്ഡീഗഡ്: ഐപിഎല്ലില്‍ ഇന്നലെ നടന്ന പഞ്ചാബ് കിംഗ്സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തില്‍ 3.5 ഓവറില്‍ 66 റണ്‍സ് വഴങ്ങിയ പഞ്ചാബ് പേസര്‍ അര്‍ഷ്ദീപ് സിംഗ് നാണക്കേിന്‍റെ റെക്കോര്‍ഡിട്ടിരുന്നു. ഒരു ടി20 മത്സരത്തില്‍ നാലോവര്‍ പൂര്‍ത്തിയാക്കാതെ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയതിന്‍റെ റെക്കോര്‍ഡിന് പുറമെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ പഞ്ചാബ് ബൗളറെന്ന നാണക്കേടിന്‍റെ റെക്കോര്‍ഡുകളും അര്‍ഷ്ദീപിന്‍റെ പേരിലായി.

എന്നാല്‍ ഐപിഎല്ലില്‍ നാലോവര്‍ പൂര്‍ത്തിയാക്കിയ ബൗളര്‍മാരില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയതിന്‍റെ റെക്കോര്‍ഡ് ഇപ്പോഴും ഒരു മലയാളി പേസറുടെ പേരിലാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെയും മുംബൈയുടെയും പേസറായിരുന്ന ബേസില്‍ തമ്പിയുടെ പേരിലാണ് നാലോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളറെന്ന മോശം റെക്കോര്‍ഡുള്ളത്.

2018ല്‍ സണ്‍റൈസേഴ്സ് താരമായിരുന്ന ബേസില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നാലോവറില്‍ 70 റണ്‍സ് വഴങ്ങിയതാണ് ഐപിഎല്ലിലെ ഏറ്റവും മോശം ബൗളിംഗ് പ്രകടനം. ഈ സീസണില്‍ കൊല്‍ക്കത്തക്കെതിരെ ഗുജറാത്ത് ടൈറ്റന്‍സ് ബൗളറായ യാഷ് ദയാല്‍ നാലോവറില്‍ 69 റണ്‍സ് വഴങ്ങിയതാണ് രണ്ടാം സ്ഥാനത്ത്.

യാഷ് ദയാലിന്‍റെ അവസാന ഓവറില്‍ അഞ്ച് സിക്സ് അടക്കം 31 റണ്‍സാണ് റിങ്കു അടിച്ചെടുത്തത്. 2019ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ പഞ്ചാബ് കിംഗ്സ് സ്പിന്നറായിരുന്ന മുജീബ് ഉര്‍ റഹ്മാന്‍ നാലോവറില്‍ 66 റണ്‍സ് വിട്ടുകൊടുത്തതാണ് മൂന്നാം സ്ഥാനത്ത്. 2013ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ സണ്‍റൈസേഴ്സ് പേസറായ ഇഷാന്ത് ശര്‍മയും നാലോവറില്‍ 66 റണ്‍സ് വഴങ്ങിയിട്ടുണ്ട്.

ഐപിഎല്ലില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയതിന്‍റെ റെക്കോര്‍ഡും ഒരു മലയാളി ബൗളറുടെ പേരിലാണ്. ഐപിഎല്‍ ടീമായിരുന്ന കൊച്ചി ടസ്കേഴ്സിന്‍റെ താരമായിരുന്ന ഇടം കൈയന്‍ പേസര്‍ പ്രശാന്ത് പരമേശ്വരനാണ് ഒരോവറില്‍ 37 റണ്‍സ് വഴങ്ങി മോശം റെക്കോര്‍ഡില്‍ ഒന്നാമതായത്.

LEAVE A REPLY

Please enter your comment!
Please enter your name here