ഡെറാഡൂണ്‍: മുസ്‍ലിം യുവാവുമായുള്ള മകളുടെ വിവാഹം മാറ്റിവെച്ച് ബി.ജെ.പി നേതാവ്. ഹിന്ദുത്വവാദികളുടെ പ്രതിഷേധത്തിനും സമ്മര്‍ദത്തിനും പിന്നാലെയാണ് തീരുമാനമെന്ന് വാര്‍ത്താഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഉത്തരാഖണ്ഡിൽ നിന്നുള്ള ബി.ജെ.പി നേതാവ് യശ്‍പാല്‍ ബെനമാണ് മകളുടെ വിവാഹം മാറ്റിവെച്ചത്. പൗരി മുനിസിപ്പൽ ചെയർമാനാണ് യശ്പാൽ ബെനം.
യശ്പാലിന്‍റെ മകളുടെ വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെ ഹിന്ദുത്വ സംഘടനകൾ ഝന്ദ ചൗക്കിൽ ബി.ജെ.പി നേതാവിന്‍റെ കോലം കത്തിച്ചു. വി.എച്ച്.പി, ഭൈരവസേന, ബജ്‌റംഗ്ദൾ തുടങ്ങിയ സംഘടനകൾ പ്രതിഷേധത്തിൽ പങ്കെടുത്തു. ഇത്തരമൊരു വിവാഹത്തെ ശക്തമായി എതിർക്കുന്നുവെന്ന് വി.എച്ച്.പി ജില്ലാ വർക്കിങ് പ്രസിഡന്‍റ് ദീപക് ഗൗഡ് പറഞ്ഞു. ഇരട്ടത്താപ്പ്, ലവ് ജിഹാദ് തുടങ്ങിയ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു. ബി.ജെ.പിക്കുള്ളിലും പ്രതിഷേധമുയര്‍ന്നതിനു പിന്നാലെയാണ് വിവാഹം മാറ്റിവെയ്ക്കുന്നതായി യശ്പാല്‍ അറിയിച്ചത്.