മംഗളൂരു: കര്‍ണാടക നിയമസഭാതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്ന ബുധനാഴ്ച മംഗളൂരു മൂടുഷെഡ്ഡേ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ബി.ജെ.പി-കോണ്‍ഗ്രസ് സംഘര്‍ഷം നടന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിഥുന്‍ റായി വോട്ടെടുപ്പ് കേന്ദ്രം സന്ദര്‍ശിച്ചപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. സംഘര്‍ഷം രൂക്ഷമായതോടെ ഇരുവിഭാഗം പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി. പൊലീസുകാര്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു.
സംഘര്‍ഷത്തിനിടെ ഒരു പൊലീസ് വാഹനവും തകര്‍ക്കപ്പെട്ടു. അക്രമത്തില്‍ പരിക്കേറ്റവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. അതാത് പാര്‍ട്ടികളെ അനുകൂലിച്ചും പ്രതികൂലിച്ചും മുദ്രാവാക്യം വിളിച്ചതാണ് ഇരു രാഷ്ട്രീയ വിഭാഗങ്ങളും തമ്മിലുള്ള സംഘട്ടനത്തിലേക്ക് വഴിയൊരുക്കിയത്. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനായി പ്രദേശത്ത് കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചു. സംഘര്‍ഷം വ്യാപിക്കുകയും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുകയും ചെയ്തതോടെ അക്രമം നിയന്ത്രിക്കാന്‍ പൊലീസ് ഏറെ പാടുപെട്ടു. സംഘര്‍ഷത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.
സംഘര്‍ഷത്തിന് പ്രേരിപ്പിച്ചവരെ കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കി. മൂടുഷെഡ്ഡിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത്, അധികൃതര്‍ സെക്ഷന്‍ 144 ഏര്‍പ്പെടുത്തി. പ്രദേശത്തേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിരോധിച്ചു. പ്രവേശനം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി മൂടുഷെഡ്ഡില്‍ ഒരു ചെക്ക് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. സമാധാനം നിലനിര്‍ത്തുന്നതിനും പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ നടപടികള്‍ നടപ്പിലാക്കിയത്. ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പൊലീസ് പറഞ്ഞു.