ബൈക്കിന്റെ ഉടമസ്ഥാവകാശം മാറ്റിയില്ല; പഴയ ഉടമയ്ക്ക് 81,500 രൂപ പിഴ

0
222

തൃക്കരിപ്പൂർ ∙ പതിറ്റാണ്ടു മുൻപ് വിൽപന നടത്തിയ ബൈക്കിന്റെ ഉടമസ്ഥാവകാശം ഒഴിഞ്ഞില്ല. ബൈക്ക് അപകടത്തിൽ പെട്ടപ്പോൾ ഉടമയല്ലാത്ത ’ഉടമ’യ്ക്ക് പിഴയും പണിയും കിട്ടി. പടന്നയിലെ യുവാവിനാണ് 81,500 രൂപ പിഴ അടയ്ക്കേണ്ടിവന്നത്.13 വർഷം മുൻപാണ് കാഞ്ഞങ്ങാട്ടെ സുഹൃത്തിനു യുവാവ് ബൈക്ക് വിറ്റത്. ആർസി ഉടമസ്ഥത മാറ്റാനുള്ള സൈൻ ലെറ്റർ വാങ്ങിയിരുന്നു. ബൈക്കു പിന്നീട് പല വ്യക്തികളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു. ഒടുവിൽ കോഴിക്കോട് സ്വദേശിയുടെ കയ്യിലാണ് ബൈക്ക് എത്തിയത്. അപ്പോഴും ആർസി ഉടമ പടന്നയിലെ യുവാവ് തന്നെ. ഉടമസ്ഥാവകാശം മാറ്റിയിരുന്നില്ല. സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന, ബൈക്കിന്റെ നിലവിലെ ഉടമസ്ഥൻ അതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് താൽക്കാലികമായി ബൈക്ക് കൊടുത്തു.

വയനാട് റോഡ് സിവിൽ സ്റ്റേഷനു സമീപം ബൈക്ക് വഴിയാത്രക്കാരനെ ഇടിച്ചതോടെയാണ് പടന്നയിലെ യുവാവിന് പണി കിട്ടിയത്. വണ്ടി ഓടിച്ച  ഇതര സംസ്ഥാന തൊഴിലാളിക്ക് ലൈസൻസുണ്ടായിരുന്നില്ല. കേസായതിനെത്തുടർന്ന് ഇൻഷുറൻസ് കമ്പനി വഴിയാത്രക്കാരന് നഷ്ടപരിഹാരം നൽകേണ്ടിവന്നു. ലൈസൻസില്ലാത്തയാളാണ് വണ്ടി ഓടിച്ചത്  എന്നു മനസ്സിലാക്കിയ ഇൻഷുറൻസ് കമ്പനി ബൈക്ക്  ഉടമയ്ക്കെതിരെ കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

തുടർന്ന് മോട്ടർ ആക്സിഡന്റ് ക്രൈം ട്രൈബ്യൂണൽ 81,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചു. രേഖകളനുസരിച്ച് ഉടമയായ പടന്ന സ്വദേശിക്കാണ് നഷ്ടപരിഹാരം അടക്കാനുള്ള നോട്ടിസ് ലഭിച്ചത്. വിധി വന്നപ്പോഴാണ് യുവാവ് വിവരങ്ങൾ അറിയുന്നത്. ബൈക്ക് വിൽപന നടത്തിയതാണെന്നും നിലവിൽ ഉടമ താനല്ലെന്നും യുവാവ് സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും രേഖകൾ എതിരായതിനാൽ റവന്യു വകുപ്പ് മുഖേന പിഴ ഒടുക്കേണ്ടി വന്നു.

LEAVE A REPLY

Please enter your comment!
Please enter your name here