കാസര്‍കോട്: നിശബ്ദം, വളരെ വേഗത്തില്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ഒരു ജില്ലാ കലക്ടറുടെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിച്ച ചാരിതാര്‍ത്ഥ്യത്തോടെ ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് കാസര്‍കോടിനോട് വിടപറയുന്നു. കേരള ജല അതോറിറ്റി എം.ഡിയായാണ് ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദിന് മാറ്റം. രജിസ്‌ട്രേഷന്‍ ഐ.ജിയായിരുന്ന ഇമ്പശേഖര്‍ കെ. കാസര്‍കോട് ജില്ലാ കലക്ടറാവും.
കൊട്ടിഘോഷമോ ബഹളങ്ങളോ ഇല്ലാതെ ഓരോ കാര്യങ്ങളും കൃത്യമായി നിര്‍വഹിക്കുകയും പട്ടയം അടക്കമുള്ള സാധാരണക്കാരുടെ വിഷയങ്ങളില്‍ തികഞ്ഞ ശ്രദ്ധപതിപ്പിക്കുകയും ചെയ്ത കലക്ടറായിരുന്നു ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ്. ജില്ലയിലെ ഓരോ വില്ലേജ് ഓഫീസുകളിലും നേരിട്ട് ചെന്ന് അവിടത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ടറിയുകയും വില്ലേജ് ഓഫീസര്‍മാരെ കലക്ടറുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ഓരോ കാര്യങ്ങളും കൃത്യമായി നിര്‍വഹിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും അവ നടപ്പിലായോ എന്ന് അവലോകനം നടത്തുകയും ചെയ്ത ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദിന്റെ പ്രവര്‍ത്തനം പൊതുവേ ശ്ലാഘിക്കപ്പെട്ടിരുന്നു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സുപ്രീംകോടതി നിശ്ചയിച്ച സമയത്തിനും ഒരുമാസം മുമ്പേ 206 കോടി രൂപ വിതരണം ചെയ്ത് കലക്ടര്‍ നടത്തിയ പ്രവര്‍ത്തനം വലിയ പ്രശംസയാണ് പിടിച്ചുപറ്റിയത്. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വലിയ ശ്രദ്ധയാണ് ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് കാട്ടിയത്. അടുത്തിടെ കാസര്‍കോട്ട് നടന്ന ഒരു ചടങ്ങില്‍ റവന്യൂ മന്ത്രി കെ. രാജന്‍ ‘കാസര്‍കോടിന്റെ സൗഭാഗ്യ’മെന്ന് അവരെ വിശേഷിപ്പിച്ചിരുന്നു. ഇമ്പശേഖര്‍ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കിടയില്‍ നിന്നുള്ള ആദ്യത്തെ ഐ.എ.എസ് ഓഫീസറാണ്. ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് സര്‍വ്വതും കെട്ടപ്പെറുക്കി നീലഗിരി കുന്നുകളിലെ തേയിലത്തോട്ടത്തിലെത്തിയ ഒരു കുടുംബത്തിലെ അംഗമാണ് ഇദ്ദേഹം. തയ്യല്‍ തൊഴിലാളിയായ കാളി മുത്തുവിന്റെയും തോട്ടം തൊഴിലാളിയായ ഭൂപതിയുടേയും മകനാണ്.
1973ല്‍ ശ്രീലങ്കയില്‍ നിന്ന് മാതൃരാജ്യത്തേക്ക് മടങ്ങിയ കുടുംബങ്ങളില്‍ പെട്ടവരാണ് കാളിമുത്തുവും ഭൂപതിയും. പൊടച്ചേരി ഗ്രാമത്തിലാണ് ഇവരടക്കമുള്ള നിരവധി കുടുംബങ്ങളെ സര്‍ക്കാര്‍ പുനരധിവസിപ്പിച്ചത്. ഇല്ലായ്മകള്‍ക്കൊപ്പം നടന്നാണ് ഇമ്പശേഖര്‍ ഐ.എ.എസ് നേടിയത്. ബിരുദ പഠനത്തിന് പ്രവേശനം ലഭിച്ചിട്ടും കോളേജില്‍ പോകാന്‍ പണമില്ലാത്തതിനാല്‍ ഒരുപാട് വിഷമിച്ചിട്ടുണ്ട്. പിന്നീട് കോയമ്പത്തൂരിലെ തമിഴ്‌നാട് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും ഹൈദരാബാദിലെ കോളേജ് ഓഫ് അഗ്രികള്‍ച്ചറില്‍ നിന്ന് എം.എസ്.സിയും നേടി. 2013ല്‍ ന്യൂഡല്‍ഹി ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കാര്‍ഷിക ശാസ്ത്രജ്ഞനായി ജോലി ചെയ്തിരുന്നു. 2010ല്‍ ഐ.എഫ്.എസില്‍ 49-ാം റാങ്ക് നേടി. 2015ല്‍ സിവില്‍ സര്‍വീസ് ലഭിച്ചു. നേരത്തെ കോഴിക്കോട് അസി. കലക്ടര്‍ ട്രെയിനിയായിരുന്നു.