സിറാജിന്‍റ ഹൈദരാബാദിലെ പുത്തൻ ഭവനത്തിൽ ബാംഗ്ലൂര്‍ താരങ്ങള്‍ക്ക് വിരുന്ന്; അതിഥികളായി കോഹ്ലിയും സംഘവും

0
242

ഹൈദരാബാദ്: ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്റെ പുതിയ വീട് സന്ദർശിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരങ്ങൾ. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള താരങ്ങളാണ് ഇന്നലെ രാത്രി ഹൈദരാബാദിലുള്ള സിറാജിന്റെ പുത്തൻവീട്ടിലെത്തിയത്.

ഹൈദരാബാദിലെ ജൂബിലി ഹിൽസിനടുത്ത് ഫിലിം നഗറിലാണ് സിറാജ് പുതിയ വീട് പണികഴിപ്പിച്ചിരിക്കുന്നത്. ഇവിടെ ഇന്നലെ രാത്രിയാണ് താരങ്ങളെത്തിയത്. ഐ.പി.എല്ലിൽ വ്യാഴാഴ്ച നടക്കുന്ന നിർണായക മത്സരത്തിനായി ബാംഗ്ലൂർ ടീം ഹൈദരാബാദിലുണ്ട്. ഇതിനിടെയാണ് സിറാജ് താരങ്ങൾക്ക് വിരുന്നൊരുക്കിയത്.

താരങ്ങൾ വീട്ടിലെത്തിയതിന്റെ ദൃശ്യങ്ങൾ ഒരു ആരാധകൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കോഹ്ലിക്കു പുറമെ ബാംഗ്ലൂർ നായകൻ ഫാഫ് ഡുപ്ലെസി, പുതുതായി ടീമിലെത്തിയ വെറ്ററൻ താരം കേദാർ ജാദവ് തുടങ്ങിയവരെയും മാനേജ്‌മെന്റ്, സ്റ്റാഫ് പ്രതിനിധികളെയും ദൃശ്യങ്ങളിൽ കാണാം. പ്രത്യേക വാഹനത്തിലാണ് താരങ്ങൾ സ്ഥലത്തെത്തിയത്. ഏറെനേരം ഇവിടെ ചെലവഴിച്ച ശേഷം രാത്രി പത്തുമണിയോടെ മടങ്ങുകയും ചെയ്തു.

2018ൽ സിറാജിന്റെ പഴയ വീട്ടിലും കോഹ്ലി അടക്കമുള്ള ബാംഗ്ലൂർ താരങ്ങളെത്തിയിരുന്നു. പുതിയ വീട് വാങ്ങിയ താരം അന്ന് ഐ.പി.എൽ മത്സരത്തിനായി ഹൈദരാബാദിലെത്തിയ ടീമംഗങ്ങളെ പ്രത്യേക വിരുന്നിനായി ക്ഷണിച്ചു. കോഹ്ലിയെയാണ് ആദ്യം വിളിച്ചത്. എന്നാൽ, സിറാജിനെ നിരാശപ്പെടുത്തി, പരിക്കാണെന്നും വരാൻ ബുദ്ധിമുട്ടാകുമെന്നുമായിരുന്നു കോഹ്ലിയുടെ പ്രതികരണം.

എന്നാൽ, രാത്രി വീട്ടിലെത്തിയ ടീമംഗങ്ങളുടെ മുന്നിൽ കോഹ്ലിയുണ്ടായിരുന്നു. ഓടിച്ചെന്ന് കെട്ടിപ്പിടിക്കുകയാണ് താൻ ചെയ്തതെന്ന് സിറാജ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. തന്റെ ജീവിതത്തിൽ ഏറ്റവും മികച്ച സമ്മാനവും സർപ്രൈസ് ആയിരുന്നു ഇതെന്നും താരം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here