നാട്ടില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ വിമാനത്താവളത്തില്‍ വെച്ച് പ്രവാസിയെ തേടിയെത്തിയത് 33 കോടിയുടെ സമ്മാനം

0
384

അബുദാബി: ബുധനാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസിക്ക് ഒന്നരക്കോടി ദിര്‍ഹത്തിന്റെ (33 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം. അബുദാബിയില്‍ താമസിക്കുന്ന പ്രദീപ് കുമാറാണ് ബിഗ് ടിക്കറ്റിന്റെ 251-ാം സീരിസ് നറുക്കെടുപ്പിലെ വിജയിയായത്. ഏപ്രില്‍ 13ന് ബിഗ് ടിക്കറ്റ് സ്റ്റോര്‍ കൗണ്ടര്‍ വഴി നേരിട്ടെടുത്ത 048514 നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. നറുക്കെടുപ്പ് നടക്കുമ്പോള്‍ നാട്ടില്‍ നിന്ന് അബുദാബിയിലേക്കുള്ള മടക്കയാത്രയ്ക്കായി വിമാനത്താവളത്തില്‍ നില്‍ക്കുകയായിരുന്നു പ്രദീപ്.

ടിക്കറ്റെടുത്തപ്പോള്‍ നല്‍കിയിരുന്ന യുഎഇ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് ബിഗ് ടിക്കറ്റ് സംഘാടകര്‍ പ്രദീപ് നല്‍കിയിരുന്ന ഇന്ത്യന്‍ നമ്പറില്‍ വിളിച്ചത്. ഫോണ്‍ എടുത്തതിന് പിന്നാലെ കോടീശ്വരനായ വിവരം അറിയിച്ചപ്പോള്‍ അദ്ദേഹം സന്തോഷം മറച്ചുവെച്ചില്ല. അവധിക്ക് ശേഷം അബുദാബിയിലേക്ക് തിരികെ വരികയാണെന്നും അതിയായ സന്തോഷമുണ്ടെന്നും പ്രദീപ് പ്രതികരിച്ചു. താനും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്നാണ് സമ്മാര്‍ഹമായ ഈ ടിക്കറ്റെടുത്തതെന്നും അദ്ദേഹം അറിയിച്ചു.

ബുധനാഴ്ച രാത്രി നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഉള്‍പ്പെടെ ആകെ എട്ട് സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക് തന്നെയായിരുന്നു. ശ്രീലങ്കന്‍ പൗരനായ റുവാന്‍ ചതുരംഗയാണ് ഒരു ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം നേടിയത്. ഓണ്‍ലൈനിലൂടെ എടുത്ത 037136 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് അദ്ദേഹം വിജയിയായത്. ഇന്ത്യക്കാരായ പുര്‍വി പത്‍നി (ടിക്കറ്റ് നമ്പര്‍ – 191196) 90,000 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനവും ഫാറൂഖ് വെട്ടിക്കാട്ട് വളപ്പില്‍ 100341 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെ 80,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനവും സ്വന്തമാക്കി. 032679 എന്ന ടിക്കറ്റെടുത്ത സൂരജ് കുമാര്‍ ടി.എസിനാണ് 70,000 ദിര്‍ഹത്തിന്റെ അഞ്ചാം സമ്മാനം.

ഇന്ത്യന്‍ പൗരന്മാരായ ലിന്‍സന്‍‍ ജോണ്‍ (ടിക്കറ്റ് നമ്പര്‍ – 004349), റോയ് സെബാസ്റ്റ്യന്‍ (ടിക്കറ്റ് നമ്പര്‍ – 341651) എന്നിവര്‍ ആറും ആഴും സമ്മാനങ്ങള്‍ നേടി യഥാക്രമം 60,000 ദിര്‍ഹവും 50,000 ദിര്‍ഹവും നേടി. ഈജിപ്ഷ്യന്‍ സ്വദേശിയായ അഹ്‍മദ് ഗലാല്‍ മുഹമ്മദ് ഫാരിദ് ഗാദിനാണ് 40,000 ദിര്‍ഹത്തിന്റെ എട്ടാം സമ്മാനം. 30,000 ദിര്‍ഹത്തിന്റെ ഒന്‍പതാം സമ്മാനം ഇന്ത്യക്കാരനായ മുഹമ്മദ് ദില്‍ഷാദ് സയ്യദിന് ലഭിച്ചു. 102173 ആയിരുന്നു അദ്ദേഹത്തിന്റെ ടിക്കറ്റ് നമ്പര്‍. 296037 എന്ന ടിക്കറ്റിലൂടെ നാരയണ്‍കുമാര്‍ പ്രേംചന്ദ് 20,000 ദിര്‍ഹത്തിന്റെ അവസാന സമ്മാനവും നേടി. ഇന്നു നടന്ന ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ സീരിസ് നറുക്കെടുപ്പില്‍ പാകിസ്ഥാന്‍ പൗരനായ മുഹമ്മദ് ഷഹബാസ് ഗുലാം യാസിനാണ് 010031 എന്ന നമ്പറിലൂടെ മസെറാട്ടിയുടെ ആഡംബര കാര്‍ നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here