മുംബൈക്ക് തിരിച്ചടി; അർജുൻ തെണ്ടുൽക്കറിനെ പട്ടി കടിച്ചു; വിഡിയോ പങ്കുവെച്ച് ലഖ്നോ ടീം

0
225

ഐ.പി.എല്ലിൽ ചൊവ്വാഴ്ച വൈകീട്ട് ലഖ്നോ സൂപ്പർ ജയന്‍റ്സിനെ നേരിടാനൊരുങ്ങുന്ന മുംബൈ ഇന്ത്യൻസിന്‍റെ യുവപേസർ അർജുൻ തെണ്ടുൽക്കറിനെ പട്ടി കടിച്ചു.

ലഖ്നോ അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച വിഡിയോയിലാണ് ഇക്കാര്യം പറയുന്നത്. ഐ.പി.എൽ പ്ലേ ഓഫ് ഉറപ്പിക്കാൻ ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്. ലഖ്‌നോ താരങ്ങളുമായുള്ള ഗ്രൗണ്ടിലെ കൂടിക്കാഴ്ചക്കിടെയാണ് അര്‍ജുന്‍ കൈക്ക് പട്ടിയുടെ കടിയേറ്റ വിവരം പറയുന്നത്. വിരലിന് മുറിവുള്ളതിനാല്‍ പരിശീലന സെഷനില്‍ താരം ബൗള്‍ ചെയ്തില്ല.

ലഖ്‌നോ താരങ്ങളായ യുധ്‌വീര്‍ സിങ്ങുമായും മൊഹ്‌സിനുമായി നടത്തുന്ന കുശലാന്വേഷണങ്ങള്‍ക്കിടെയാണ്, ഒരു ദിവസം മുമ്പ് തന്റെ ഇടത് കൈയില്‍ പട്ടി കടിച്ചെന്നും മുറിവുണ്ടെന്നും താരം വെളിപ്പെടുത്തിയത്. ‘മുംബൈയില്‍ നിന്നെത്തിയ കൂട്ടുകാരന്‍’ എന്ന തലക്കെട്ടോടെയാണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ലഖ്നോവിനെതിരെ അര്‍ജുന്‍ കളിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം.

കാര്യമായ പരിക്കുകളൊന്നുമില്ലെന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും അര്‍ജുന്‍ പറയുന്നത് വിഡിയോയില്‍ കാണാം. സചിൻ തെണ്ടുൽക്കറിന്‍റെ മകന്‍ ഈ ഐ.പി.എല്‍ സീസണിലാണ് അരങ്ങേറ്റം കുറിക്കുന്നത്. ഇതുവരെ നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിക്കറ്റാണ് താരം നേടിയത്. നിലവിൽ 12 മത്സരങ്ങളിൽനിന്ന് 14 പോയന്‍റുമായി മുംബൈ മൂന്നാമതും ഇത്രയും മത്സരങ്ങളിൽനിന്ന് 13 പോയന്‍റുമായി ലഖ്നോ നാലാമതുമാണ്. ഗുജറാത്ത് മാത്രമാണ് ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here