എ.ഐ ക്യാമറ വഴിമുട്ടി; ആരോപണങ്ങള്‍ ചെറുക്കാനാവാതെ സര്‍ക്കാര്‍, താല്‍ക്കാലികമായി മരവിപ്പിച്ചേക്കും

0
203

തിരുവനന്തപുരം: എ.ഐ ക്യാമറ ഇടപാടിലെ അഴിമതിത്തെളിവുകള്‍ ഓരോന്നായി പ്രതിപക്ഷം പുറത്തുവിടുകയും പ്രതിരോധത്തിലാവുകയും ചെയ്തതോടെ പദ്ധതി താല്‍ക്കാലികമായി മരവിപ്പിക്കാനുള്ള ആലോചനയില്‍ സര്‍ക്കാര്‍. മെയ് 19 മുതല്‍ പിഴ പിരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ വിവാദം തീരുന്നതുവരെ താല്‍ക്കാലികമായി നീട്ടാനാണ് ആലോചന.

വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഫിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും അന്തിമതീരുമാനമെടുക്കുക. സമിതിയുടെ കണ്ടെത്തലിന്റെ കൂടെ അടിസ്ഥാനത്തിലാകും ഭാവി തീരുമാനം.

ഇടപാടില്‍ വിവിധ വകുപ്പുകള്‍ക്കൊപ്പം എ.ജിയുടേയും അന്വേഷണം നടക്കുന്നുണ്ട്. ഐബിയും വിവരങ്ങള്‍ ആരാഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ മുന്നോട്ടുപോകുന്നത് തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഗതാഗത വകുപ്പും കെല്‍ട്രോണും തമ്മില്‍ സമഗ്ര കരാര്‍ ഒപ്പിട്ടിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷം പദ്ധതി നടത്തിപ്പുമായി മുന്നോട്ടുപോയാല്‍ മതിയെന്നാണ് നിലവിലെ തീരുമാനമെങ്കില്‍ ധാരണാപത്രത്തില്‍ ഒപ്പിടുന്നതും വൈകും. ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പിഴ ഈടാക്കലുമായി മുന്നോട്ടുപോകാനും കഴിയൂ.

അഞ്ച് വര്‍ഷത്തിനുളളില്‍ 232.5 കോടി നല്‍കാമെന്നാണ് കരാറെങ്കിലും വെറും 86 കോടിയേ എ.ഐ ക്യാമറ സ്ഥാപിക്കാന്‍ ചെലവായുളളൂ എന്നതിന്റെ രേഖകളാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടത്. ഇതുമാത്രമല്ല, പുറംകരാര്‍ നല്‍കിയ കമ്പനിയുമായി മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ് പ്രകാശ് ബാബുവിനുള്ള ബന്ധവും പുറത്തുവന്നിരുന്നു. റോഡ് സുരക്ഷയ്ക്കായി സേഫ് കേരള പദ്ധതി ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച 2018 ലാണ് പ്രസാഡിയോയും ആരംഭിച്ചത്. ഇതും ദുരൂഹമെന്നാണ് ആരോപണം. ക്യാമറ വിലയുടെ പലമടങ്ങ് തട്ടാനുള്ള പുറംകരാറുകാരുടെ രഹസ്യനീക്കവും പുറത്തുവന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here