വയനാട്ടില്‍ വീണ്ടും ഭക്ഷ്യവിഷബാധ; കുഴിമന്തിയും അല്‍ഫാമും കഴിച്ച കുട്ടികളടക്കം 15ഓളം പേര്‍ ആശുപത്രിയില്‍

0
227

കല്‍പ്പറ്റ: കല്‍പ്പറ്റയിലെ റസ്റ്റോറന്റില്‍ നിന്ന് അല്‍ഫാമും കുഴിമന്തിയും കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ പതിനഞ്ചോളം പേര്‍ ചികിത്സ തേടി. പനമരം കാര്യാട്ട് കുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ പനമരം സി.എച്ച്.സി.യിലും, സുല്‍ത്താന്‍ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച രാത്രി എട്ടരയോടെ കല്‍പ്പറ്റയിലെ മുസല്ല റെസ്റ്റോറന്റില്‍ നിന്നും ഇവര്‍ കുഴിമന്തിയും അല്‍ഫാമും കഴിച്ചിരുന്നതായി പറയുന്നു. വീട്ടിലെത്തി രാത്രിയോടെ ഛര്‍ദ്ദിയും, വയറിളക്കവും, തലവേദനയും അനുഭവപ്പെടുകയായിരുന്നു. ഇതോടെയാണ് കുടുംബം ചികിത്സ തേടിയത്. കുടുംബം പരാതിയില്‍ ഉന്നയിച്ച റെസ്റ്റോറന്റില്‍ നിന്ന് തന്നെയാണോ വിഷബാധയുണ്ടായതെന്ന കാര്യം ആരോഗ്യവകുപ്പ് അന്വേഷിച്ച് വരികയാണ്.

അതേ സമയം ജില്ലയില്‍ ഭക്ഷ്യവിഷബാധ തടയുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചു വരുന്നതായി ജില്ലാ കലക്ടര്‍ 2022ല്‍ ചേര്‍ന്ന യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുടെയും ഹോട്ടല്‍- റെസ്റ്റോറന്റ് പ്രതിനിധികളുടെയും യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുകയും സ്‌ക്വാഡുകളുടെ പരിശോധന ഊര്‍ജിതമാക്കുകയും ചെയ്തിട്ടുണ്ടായിരുന്നതായും അധികാരികള്‍ പറയുന്നു. വിനോദ സഞ്ചാരികള്‍ ഏറെയെത്തുന്ന ജില്ലയായിട്ടു പോലും ഭക്ഷ്യവിഷബാധ ഗൗരവത്തോടെ കാണാത്തതാണ് തുടരെയുള്ള ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.  തദ്ദേശ സ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തി ബന്ധപ്പെട്ടവരുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് അടിയന്തര നടപടികള്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പനമരത്ത് 2022 മെയ് മാസത്തില്‍ പെരുന്നാള്‍ ദിനത്തില്‍ വീട്ടിലുണ്ടാക്കിയ കുഴിമന്ത്രിയില്‍ നിന്നും വിഷബാധയേറ്റ കാര്യം സൂചിപ്പിച്ചിരുന്നു. പന്ത്രണ്ട് പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.

2022 മെയ് മാസത്തില്‍ മാനന്തവാടിയില്‍ ബാര്‍ അസോസിയേഷന്‍ നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നു. സംഭവത്തില്‍ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ ചികിത്സ തേടിയിരുന്നു. അഭിഭാഷക സംഗമത്തില്‍ മജിസ്ട്രേറ്റുമാര്‍ ഉള്‍പ്പെടെ അന്‍പതോളം പേരാണ് പങ്കെടുത്തത്. ഇതില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഇരുപതിലധികം പേരാണ് മാനന്തവാടിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. കഴിഞ്ഞ വര്‍ഷം തന്നെ വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്ന് പനമരം കമ്പളക്കാട്ടെ ഹോട്ടല്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ അടപ്പിച്ചിരുന്നു. കമ്പളക്കാട് ക്രൗണ്‍ ഹോട്ടലാണ് അന്ന് അടപ്പിച്ചത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ശര്‍ദിയും, വയറിളക്കവും, ക്ഷീണവും അനുഭവപ്പെട്ടുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു നടപടി.

2021ല്‍ അമ്പലവയല്‍ ആയിരംകൊല്ലിയില്‍ പ്രവര്‍ത്തിച്ചിരുന്ന ബേക്കറിയില്‍ നിന്ന് അല്‍ഫാം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവം ഉണ്ടായിരുന്നു. 20 പേര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ആയിരംകൊല്ലിയിലെ ഫെയ്മസ് ബേക്കറിയിലെ ഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റതിനെ തുടര്‍ന്നായിരുന്നു ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here