ഉപ്പള: 25 വര്‍ഷം മുമ്പ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിനിടെ പൊലീസിനെ അക്രമിച്ച് രക്ഷപ്പെട്ട കേസിലെ പ്രതിയെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ടി.പി. രഞ്ജിത്തിന്റെ നിര്‍ദ്ദേശപ്രകാരം മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള മണിമുണ്ടയിലെ ഉസ്മാന്‍ പുഴക്കര (59) ആണ് അറസ്റ്റിലായത്. 25 വര്‍ഷം മുമ്പ് തളിപ്പറമ്പ് ടൗണില്‍ നടന്നു പോവുകയായിരുന്ന യുവതിയുടെ സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതിയാണ് ഉസ്മാന്‍. അന്നത്തെ തളിപ്പറമ്പ് എസ്.ഐ സദാനന്ദനും സംഘവും പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിനിടെ പൊലീസിനെ അക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. ഉസ്മാന് വേണ്ടി തളിപ്പറമ്പ് പൊലീസ് കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലും കേരളത്തിന്റെ വിവിധ ജില്ലകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ അന്വേഷണം നിലച്ചു. അതിനിടെ പിടികിട്ടാപ്പുള്ളികളുടെ രേഖകള്‍ പരിശോധിച്ച് കേസ് മരവിപ്പിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കുന്നതിനിടെ കുമ്പള, മഞ്ചേശ്വരം എന്നീ സ്റ്റേഷനുകളില്‍ ജോലി ചെയ്ത് മുന്‍ പരിചയമുള്ള ടി.പി. രഞ്ജിത്ത് ഉസ്മാനെ കണ്ടെത്താന്‍ രഹസ്യാന്വേഷണം നടത്തിയത്. പ്രതി കിദമ്പാടിയിലെ വീട്ടിലുള്ളതായി വിവരം ലഭിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ മഞ്ചേശ്വരം പൊലീസിന് നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. ഇത്രയും കാലം ഒളിവില്‍ കഴിഞ്ഞ പ്രതി കര്‍ണാടകയിലും കേരളത്തിലും പല സ്ഥലത്തായി ഹോട്ടല്‍ ജോലി ചെയ്ത് വരികയായിരുന്നു. എതാനു മാസം മുമ്പ് ഉപ്പള കൈക്കമ്പയിലെ ഹോട്ടലില്‍ ജോലി ചെയ്തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മഞ്ചേശ്വരം പൊലീസ് തളിപ്പറമ്പ് പൊലീസിന് കൈമാറിയ പ്രതിയെ കോടതി റിമാണ്ട് ചെയ്തു.