Thursday, January 23, 2025
Home Latest news വെർച്വൽ റിയാലിറ്റി ഉപയോഗിച്ച് മരണം അനുഭവിച്ചറിയാൻ അവസരം

വെർച്വൽ റിയാലിറ്റി ഉപയോഗിച്ച് മരണം അനുഭവിച്ചറിയാൻ അവസരം

0
288

മെല്‍ബണ്‍: സ്വന്തം മരണം അനുഭവിച്ചറിയാൻ ഒരു അവസരം ഒരുക്കുകയാണ് ഓസ്‌ട്രേലിയന്‍ ആര്‍ട്ടിസ്റ്റ് ഷോണ്‍ ഗ്ലാഡ്‌വെല്‍. വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സ്വന്തം മരണം അനുഭവിക്കാനുള്ള സാഹചര്യമൊരുക്കുന്നത്. ഈ സംവിധാനം വഴി ശരീരത്തിന് ജീവനില്ലാത്ത അവസ്ഥ അനുഭവിപ്പിക്കുകയാണ് ചെയ്യുന്നത്.

മെഡിക്കൽ സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ചാണ് ഇതിന്റെ പ്രവർത്തനമെന്നാണ് സംഘാടകർ പറയുന്നത്. മരണം അനുഭവിച്ചറിയാൻ എത്തുന്നവരെ ഒരേ സമയം ധന്യാത്മകവും അസ്വസ്ഥമാക്കുന്നതുമായ അനുഭവങ്ങളിലൂടെയാണ് മെല്‍ബണിലെ നാഷണല്‍ ഗ്യാലറി ഓഫ് വിക്ടോറിയയില്‍ സംഘടിപ്പിച്ചിരിക്കുന്ന ‘പാസിങ് ഇലക്ട്രിക്കല്‍ സ്റ്റോംസ്’ എന്ന ഷോ.

ചുരുക്കി പറഞ്ഞാൽ ശരീരത്തിൽ നിന്ന് ജീവൻ ഇറങ്ങിപോകുന്ന അനുഭവം വെർച്വൽ റിയാലിറ്റിയുടെ സഹായത്തോടെ പുനഃസൃഷ്ടിക്കുകയാണ് ഇവിടെ. ഹൃദയസ്തംഭനം മുതൽ മസ്തിഷ്ക മരണം വരെയുള്ള ചില മരണാനുഭവങ്ങളെക്കുറിച്ചുള്ള അനുഭവം സമ്മാനിക്കുകയാണ് ആർട്ടിസ്റ്റിന്റെ ലക്ഷ്യം. കൂടാതെ ഈ സിമ്യൂലേഷനില്‍ ശരീരത്തില്‍ നിന്നു വെര്‍ച്വലായി പുറത്തെത്താനുമാകും. മുകളിലൂടെ ഒഴുകി നടന്ന് സ്വന്തം മൃതശരീരം പുറത്തുനിന്നു നോക്കിക്കാണാനുള്ള അവസരവും ഈ സംവിധാനത്തിലൂടെ ലഭിക്കും.

ടിക്ക്ടോക്കറായ ക്രൂം12 ആണ് ഇത് പരീക്ഷിച്ചവരിലൊരാൾ. ബെഡിൽ കിടന്ന താൻ പെട്ടെന്ന് നിശ്ചലനായെന്നും അപ്പോൾ തന്നെ ബെഡ് വൈബ്രേറ്റ് ചെയ്യാൻ തുടങ്ങിയെന്നും ഡോക്ടർമാർ തന്നെ തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചെന്നും ക്രൂം പറഞ്ഞു. ഈ കാഴ്ച ആശങ്കയുണ്ടാക്കുമെങ്കിലും നമുക്ക് എപ്പോൾ വേണമെങ്കിലും പുറത്തുവരാനാകുമെന്ന് ക്രൂം12 പറഞ്ഞു.

മരണത്തെ ആളുകള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക എന്നതാണ് സിമ്യുലേഷന്റെ ലക്ഷ്യം. എക്സ്റ്റന്‍ഡഡ് റിയാലിറ്റി (എക്‌സ്ആര്‍) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് പ്രവർത്തിപ്പിക്കുന്നത്.വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, മിക്‌സഡ് റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യകള്‍ കലര്‍ത്തിയാണ് എക്‌സ്ആര്‍ സാങ്കേതികവിദ്യ പ്രവര്‍ത്തിക്കുന്നത്.

എക്‌സ്ആര്‍ സാങ്കേതികവിദ്യയിലൂടെ കാഴ്ച, കേള്‍വി, ടച്ചിങ് എന്നീ അനുഭൂതികളെ വേറിട്ട രീതിയില്‍ അനുഭവിപ്പിക്കുകയാണ് ചെയ്യുന്നത്. പാസിങ് ഇലക്ട്രിക്കല്‍ സ്റ്റോംസിനെത്തുന്നവർ ആശുപത്രിക്കട്ടിലിനെ പോലെയൊരു കിടക്കയിൽ എക്‌സ്ആര്‍ ഹെഡ്‌സെറ്റ് ധരിച്ച് കിടക്കണം. തുടർന്നാണ് ഹൃദയാഘാതത്തിന്റെയും മറ്റും അനുഭവം ഹെഡ്‌സെറ്റ് വഴി ലഭിക്കുന്നത്. രക്ഷാപ്രവർത്തനത്തിനപ്പുറം മരണത്തിനപ്പുറമുള്ള അനുഭവം ഇതുവഴി അനുഭവിക്കാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here