സിദ്ധരാമയ്യയേയും ഡികെ ശിവകുമാറിനെയും പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ച് പ്രധാനമന്ത്രി; പറഞ്ഞ് ഒരേ ഒരു കാര്യം!

0
385

ദില്ലി: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാറിനെയും പേരെടുത്തുപറഞ്ഞാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്. ഫലപ്രദമായ ഒരു കാലയളവ് ഉണ്ടാകട്ടെയെന്നാണ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ച ആശംസയിൽ പറഞ്ഞത്.

അതേസമയം ഇന്ന് ഉച്ചയ്ക്ക് ബംഗളൂരു ശ്രീകണ്ടീരവ സ്റ്റേഡിയം തിങ്ങിനിറഞ്ഞ പതിനായിരക്കണക്കിന് ജനങ്ങളെ സാക്ഷി നിർത്തിയാണ് കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ അധികാരമേറ്റത്. കർണാടകയുടെ 24 -ാമത് മുഖ്യമന്ത്രിയായി ദൈവനാമത്തിലാണ് സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തത്. അജ്ജയ്യ ഗംഗാധര സ്വാമിയുടെ പേരിലാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിക്കും ഡി കെ ശിവകുമാറിനും പുറമെ എട്ട് മന്ത്രിമാരാണ് കർണാടകയില്‍ ഇന്ന് അധികാരമേറ്റത്. ജി പരമേശ്വര കെ എച്ച് മുനിയപ്പ, മലയാളി കെ ജെ ജോർജ്, എം ബി പാട്ടീൽ, സതീഷ് ജർക്കിഹോളി, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഢി. സമീർ അഹമ്മദ് ഖാൻ എന്നിവരാണ് മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.

രാജ്യത്തെ പ്രതിപക്ഷ നേതാക്കളുടെ സംഗമ വേദിയായി മാറിയ ചടങ്ങിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, മെഹബൂബ മുഫ്തി, കമൽ നാഥ്, സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഫാറൂഖ് അബ്ദുല്ല, സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ എന്നിവർ അടക്കമുള്ള നേതാക്കളും പങ്കെടുത്തു. മമതാ ബാനർജിക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുക്കാനാകില്ലെന്ന് അറിയിച്ചിരുന്നു. പകരം പ്രതിനിധി ചടങ്ങിനെത്തി. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. നിലവിൽ എൻ ഡി എയ്ക്ക് ഒപ്പമുള്ള പുതുച്ചേരി മുഖ്യമന്ത്രിയെയും കോൺഗ്രസ് ക്ഷണിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here