രക്ഷിതാക്കളുടെ ആ ടെൻഷന് വിട, ഈ അദ്ധ്യയന വർഷം മുതൽ സ്കൂളിന് മുന്നിലും പിന്നിലും മാറ്റം കാണാം

0
139

തിരുവനന്തപുരം: ലഹരിവിപത്തിൽ നിന്ന് സ്കൂൾ കുട്ടികളെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ അദ്ധ്യയന വർഷാരംഭത്തിന് മുന്നോടിയായി നഗരത്തിലെ വിദ്യാലയങ്ങളും പരിസരങ്ങളും ഷാഡോ പൊലീസിന്റെ നിരീക്ഷണത്തിലാക്കും. സിറ്റി പൊലീസ് സ്കൂളുകളുടെയും പി.ടി.എ കമ്മിറ്റികളുടെയും നേതൃത്വത്തിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് അവലംബിക്കുന്നത്. നഗരത്തിലെ എല്ലാ പൊലീസ് സ്റ്റേഷനിലെയും എസ്.എച്ച്.ഒ മാർ ഓരോ വിദ്യാലയത്തിലേയും പ്രഥമ അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളെയും നേരിൽ കണ്ട് ലഹരിമാഫിയ ബന്ധമുണ്ടെന്ന് സംശയിക്കുന്ന കുട്ടികളുടെ വിവരം ശേഖരിക്കും. ഇവരെ സ്കൂൾ തുറക്കുന്നതിന് മുമ്പും പിമ്പും രഹസ്യമായി നിരീക്ഷിക്കും. സ്കൂളിലേക്കും തിരികെയുമുള്ള വഴികളിൽ ഇവരുടെ ചങ്ങാത്തവും കൂട്ടുകെട്ടും പൊലീസിന്റെ ചാരക്കണ്ണുകൾ പിന്തുടരും.

ക്ളാസ് കട്ട് ചെയ്ത് കറങ്ങാനിറങ്ങുന്ന കുട്ടികളെയും ഇനി മുതൽ കൈയോടെ പൊക്കാനാണ് പദ്ധതി. ക്ളാസുകളിലെ ഹാജർ ദിവസവും വിലയിരുത്തി ക്ളാസിലെത്താതിരിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുമായി സ്കൂൾ അധികൃതരും പൊലീസും ബന്ധപ്പെടും. വീട്ടുകാരുടെ അറിവോടെയല്ല കുട്ടി സ്കൂളിലെത്താതിരുന്നതെങ്കിൽ കുട്ടി എവിടെയായിരുന്നുവെന്നും ആരാണ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയതെന്നുമുൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് അന്വേഷിക്കും. കുറ്റക്കാർക്കെതിരെ പോക്സോ നിയമ പ്രകാരമുള്ള നടപടി സ്വീകരിക്കും. സ്കൂൾ – കോളേജ് പരിസരങ്ങളിലെ കാമറകൾ പ്രത്യേകമായി നിരീക്ഷിക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. കാമറകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കാൻ എസ്.എച്ച്.ഒ മാർക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. പെൺകുട്ടികളെ തിരിച്ചറിയാത്തവിധം തലയിൽ ഷാളിട്ട് മൂടിയും ഹെൽമെറ്റ് ധരിപ്പിച്ചും ബൈക്കിൽ ചുറ്റാൻ കൊണ്ടുപോകുന്ന വിരുതന്മാരുടെ വാഹനങ്ങൾ പ്രത്യേകം നിരീക്ഷിക്കും. ഇത്തരം വാഹനങ്ങളുടെ നമ്പർ ശേഖരിച്ചശേഷം ബൈക്ക് ഉപയോഗിച്ച ആളെപ്പറ്റിയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാകും നടപടി.

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ അവരുടെ വീട്ടുകാരുടെ അറിവോടെയല്ല കൂട്ടിക്കൊണ്ടുപോയതെങ്കിൽ അത്തരം വാഹനങ്ങൾ പിടിച്ചെടുക്കുകയും കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടി കൈക്കൊള്ളാനുമാണ് തീരുമാനം. എക്സൈസ്, എസ്.പി.സി, സ്കൂളുകളിലെ നാർക്കോ ക്ളബ്ബുകൾ തുടങ്ങിയവയുടെ സഹകരണവും ഇത്തരം നടപടികൾക്ക് ഉറപ്പാക്കും. അദ്ധ്യയന വർഷാരംഭത്തിന് മുന്നോടിയായി നഗരത്തിലെ റസി. അസോസിയേഷനുകളുടെ യോഗം വിളിച്ച് അവരുടെ പങ്കാളിത്തം കൂടി ഉറപ്പാക്കാനും നീക്കമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here