കാഞ്ഞങ്ങാട് : ഒരിക്കലും കാസർകോട് ‘കണ്ടിട്ടില്ലാത്ത’ സ്കൂട്ടറിന് കാസർകോട് പട്ടണത്തിൽ പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയെന്നു പറഞ്ഞ് 1250 രൂപ പിഴ. കാഞ്ഞങ്ങാട് ദുർഗ സ്കൂളിനടുത്ത പുഷ്പലതയുടെ കെ.എൽ.60 ക്യു 8507 നമ്പർ സ്കൂട്ടറിനാണ് പിഴയിട്ടത്. ഇവരുടെ വാട്‌സാപ്പിൽ കാസർകോട് ട്രാഫിക് പോലീസ് പിഴത്തുക കാണിച്ച് സന്ദേശമയക്കുകയായിരുന്നു.
മാർച്ച് 30-ന് കാസർകോട് പട്ടണത്തിൽ വാഹനപരിശോധനയ്്ക്കിടെ പോലീസ് കൈ കാണിച്ചിട്ടും സ്കൂട്ടർ നിർത്തിയില്ലെന്നാണ് തുടരന്വേഷണത്തിൽ പുഷ്പലതയ്ക്ക് കിട്ടിയ മറുപടി. നിർത്താതെ പോയ മറ്റൊരു വാഹനത്തിന്റെ നമ്പർ കംപ്യൂട്ടറിൽ ടൈപ്പ് ചെയ്യുമ്പോൾ മാറിപ്പോയതായിരുന്നുവെന്ന് പിന്നീട് പോലീസ് മറുപടിനൽകി.
അതോടെ, ചലാൻ റദ്ദുചെയ്തുകൊണ്ടുള്ള സന്ദേശം അയക്കണമെന്ന് പുഷ്പലത ആവശ്യപ്പെട്ടു. ഒരാഴ്ച കഴിഞ്ഞിട്ടും അത്തരമൊരു സന്ദേശം കിട്ടിയില്ലെന്നും അത് കിട്ടാത്തിടത്തോളം കാലം പിഴ തന്റെ പേരിൽ കിടക്കുമല്ലോയെന്നും പുഷ്പലത പറയുന്നു.