യമനിൽ റമദാൻ ധനസഹായ വിതരണത്തിനിടെ വന്‍ ദുരന്തം; 85 മരണം

0
263

സൻആ: ആഭ്യന്തര യുദ്ധക്കെടുതി അനുഭവിക്കുന്ന യമനിൽ തിക്കിലും തിരക്കിലുംപെട്ട് 85 പേർ മരിച്ചു. ഹൂതി നിയന്ത്രണത്തിലുള്ള സൻആയിലെ ഒരു സർക്കാർ സ്‌കൂളില്‍ ഇന്നലെ രാത്രിയാണ് സംഭവം. റമദാനിന്റെ അവസാനദിനങ്ങളിലുള്ള ധനസഹായ വിതരണത്തിനിടെയാണ് വൻദുരന്തമുണ്ടായത്.

ഒരു ചാരിറ്റി സംഘടനയാണ് ദരിദ്രർക്ക് ധനസഹായം വിതരണം ചെയ്തത്. ഇതു സ്വീകരിക്കാനായി ആയിരക്കണക്കിനുപേരാണ് സ്‌കൂളിലേക്ക് ഒഴുകിയെത്തിയത്. തിരക്ക് നിയന്ത്രിക്കാനായി ഹൂതി സൈന്യം ആകാശത്തേക്ക് വെടിയുതിർത്തതാണ് ദുരന്തത്തിനിടയാക്കിയത്. വെടിവച്ചത് വൈദ്യുതി ലൈനിൽ തട്ടി പൊട്ടിത്തെറിച്ചു. സ്‌ഫോടനശബ്ദം കേട്ട് പരിഭ്രാന്തരായി ജനം ചിതറിയോടുകയായിരുന്നു. ഇതിനിടെ തിരക്കിൽപെട്ടാണ് വൻദുരന്തമുണ്ടായത്.

അപകടത്തിൽ നൂറുകണക്കിനുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 13 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് യമൻ ആരോഗ്യവൃത്തങ്ങൾ നൽകുന്ന വിവരം. നിരവധി പേർ ചേതനയറ്റ് നിലത്തു കിടക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചിലർ ജീവനുവേണ്ടി നിലവിളിക്കുന്നതും വിഡിയോയിൽ കാണാം.

വൻദുരന്തമാണ് നടന്നതെന്ന് യമൻ ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു. സഹായവിതരണം സംഘടിപ്പിച്ച രണ്ട് കച്ചവടക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു.

യമനിന്റെ തലസ്ഥാനമായ സൻആ 2014ലാണ് ഹൂതികൾ പിടിച്ചടക്കുന്നത്. ഔദ്യോഗിക സർക്കാരിനെ അട്ടിമറിച്ചാണ് വിമതസംഘം തലസ്ഥാനമടക്കം യമനിന്റെ പ്രധാന പ്രദേശങ്ങൾ നിയന്ത്രണത്തിലാക്കിയത്. ഇതിനു പിന്നാലെയാണ് സൗദി സഖ്യസേന യമനിൽ ഇടപെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here