ജീവനു ഭീഷണിയാകുന്ന മലേറിയ; അറിയാതെ പോകരുത് ഈ ലക്ഷണങ്ങളെ…

0
203

ഏപ്രില്‍ 25ന് ലോക മലേറിയ ദിനമാണ്. മലേറിയയെ ചെറുക്കാനുള്ള ആഗോളതലത്തിലുള്ള നടപടികളുടെ ഭാഗമായാണ് ഈ ദിനാചരണം നടത്തുന്നത്. ലോകാരോഗ്യസംഘടനയുടെ ഭാഗമായ ലോക ഹെല്‍ത്ത് അസംബ്ലിയുടെ അറുപതാം  സമ്മേളനത്തിന്റെ തീരുമാനപ്രകാരമാണ് 2007 മേയില്‍ ലോക മലേറിയ ദിനാചരണത്തിന് തുടക്കമിട്ടത്.

ജീവന്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരു രോഗമാണ് മലമ്പനി അഥവാ മലേറിയ.ശുദ്ധ ജലത്തിൽ വളരുന്ന അനോഫിലസ് പെൺ കൊതുകുകളാണ് രോഗം പരത്തുന്നത്. രോഗാണു സാന്നിധ്യമുള്ള കൊതുകിന്‍റെ കടിയേറ്റ് 8 മുതല്‍ 30 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഇതാണ് ഇന്‍ക്യുബേഷന്‍ കാലം എന്നറിയപ്പെടുന്നത്.

ലക്ഷണങ്ങള്‍…

ഇടവിട്ടുള്ള കടുത്ത പനിയാണ് പ്രധാന രോഗ ലക്ഷണം. കൂടാതെ തലവേദന, വിറയല്‍, പേശിവേദന, വിശപ്പില്ലായ്മ, ഛർദി, ക്ഷീണം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. രോഗം മൂർച്ഛിക്കുമ്പോൾ ന്യുമോണിയ, മസ്തിഷ്കജ്വരം, മഞ്ഞപ്പിത്തം, രക്തസ്രാവം, വൃക്കകളുടെ തകരാറ് എന്നിവയും സംഭവിക്കാം.

ചികിത്സ…

ക്ലോറോക്വിന്‍ ഉപയോഗിച്ചാണ് പ്രധാന ചികിത്സ. ക്ലോറോക്വിന്‍, പ്രിമാക്വിന്‍, ക്വിനൈന്‍, അര്‍ട്ടെസുനേറ്റ് തുടങ്ങിയവ ഉപയോഗിച്ചുള്ള കോമ്പിനേഷന്‍ ചികിത്സയും ചെയ്തുവരുന്നു.

പ്രതിരോധം…

1. കൊതുക് നശീകരണം തന്നെയാണ് പ്രധാന പ്രതിരോധം. ഇതിനായി വീടിന്‍റെ പരിസരത്ത് മഴവെള്ളം കെട്ടിനിൽക്കുന്നത് നീക്കം ചെയ്യാം. വീടിന്റെ ടെറസിലും സൺഷെയ്ഡിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴുക്കിക്കളയണം.

2. കിണറുകളും വെള്ളം ശേഖരിക്കുന്ന ടാങ്കുകളും പാത്രങ്ങളുമൊക്കെ കൊതുകുവല കൊണ്ട് മൂടുക.

3. വീടിനകത്ത് കൊതുകിനെ അകറ്റാന്‍ കുന്തിരിക്കം പുകയ്ക്കാം.

4. വീടിന്റെ ജനലുകളും വാതിലുകളും എയർഹോളുകളും കൊതുകുവല ഉപയോഗിച്ച് മറയ്ക്കുക.

5. കൊതുകുതിരി, കൊതുകിനെ അകറ്റാനുള്ള സ്‌പ്രേ, ക്രീം എന്നിവ ഉപയോഗിക്കാം.

6. കാപ്പിപ്പൊടി കൊതുകുകളെ അകറ്റാനുള്ള മികച്ചൊരു വഴിയാണ്. ഇവ അൽപം തുറന്ന ബൗളിൽ സൂക്ഷിക്കുന്നത് കൊതുകിനെ അകറ്റാൻ സഹായിക്കും.

7. കുരുമുളകുപൊടി സ്പ്രെ ചെയ്യുന്നത് കൊതുകിനെ തുരത്താൻ നല്ലതാണ്. കുരുമുളകുപൊടി ഏതെങ്കിലും എസൻഷ്യൽ ഓയിലിൽ കലർത്തി കൊതുക് ശല്യമുള്ള ഇടങ്ങളിൽ സ്‌പ്രേ ചെയ്യാം.

8. ഗ്രാമ്പൂവിന്റെയും നാരങ്ങയുടെയും മണം കൊതുകിന് അലോസരമുണ്ടാക്കും. ചെറുനാരങ്ങയിൽ ഗ്രാമ്പൂ കുത്തി മുറികളിൽ വയ്ക്കുന്നത് കൊതുകിനെ ഓടിക്കാൻ നല്ലതാണ്.

9. കൊതുകിൽ നിന്ന് രക്ഷ നേടാനുള്ള ഉത്തമമാർഗമാണ് വെളുത്തുള്ളി. വെളുത്തുള്ളി ചതച്ചെടുത്ത് വെള്ളത്തിലിട്ടു ചൂടാക്കിയ ശേഷം മുറിയിൽ തളിച്ചാൽ കൊതുകിനെ അകറ്റാം.

10. തുളസിയില പുകയ്ക്കുകയോ മുറിയിൽ വയ്ക്കുകയോ ചെയ്യുന്നത് കൊതുകിനെ തുരത്താനുള്ള മറ്റൊരു വഴിയാണ്. മുറിക്കുള്ളിൽ കൊതുക് പ്രവേശിക്കാതിരിക്കാൻ ജനാലകളിലോ വാതിലിന് പുറത്തോ തുളസിയില വയ്ക്കാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here