അതീഖ് അഹ്‌മദിന്റെ ഭാര്യ, പൊലീസ് കോൺസ്റ്റബിളിന്റെ മകൾ; ആരാണ് ഷായിസ്ത പർവീൺ?

0
332

ലഖ്‌നൗ: കൊല്ലപ്പെട്ട അതീഖ് അഹ്‌മദിന്റെ ഭാര്യ ഷായിസ്ത പർവീണിനെ പിടികിട്ടാപ്പുള്ളിയായി ഉത്തർപ്രദേശ് പൊലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. 51കാരിയായ ഇവരെ കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് അമ്പതിനായിരം രൂപ പാരിതോഷികമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ട് ദിവസത്തെ ഇടവേളയിൽ മകനെയും ഭർത്താവിനെയും ഷായിസ്തക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. മകൻ അസദ് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ഭർത്താവ് അതീഖ് അഹ്‌മദും സഹോദരൻ അഷ്‌റഫും പ്രയാഗ്‌രാജിൽ വെച്ച് കൊല്ലപ്പെട്ടത്. അതീഖിന്റെ മരണാനന്തര ചടങ്ങുകളിൽ ഷായിസ്ത എത്തുമെന്ന് കരുതപ്പെട്ടിരുന്നുവെങ്കിലും അവർ ഒളിവിലാണുള്ളത്. അതീഖിന്റെ കുടുംബത്തിൽ ഷായിസ്ത മാത്രമാണ് ഇപ്പോൾ ജയിലിന് വെളിയിലുള്ളത്. അതീഖിന്റെ നാലു മക്കളും നിലവിൽ ജയിലിലാണ്.

ആരാണ് ഷായിസ്ത?

  • പൊലീസ് കോൺസ്റ്റ്ബിളായി ജോലി ചെയ്തിരുന്നയാളുടെ പുത്രിയായ ഷായിസ്തയെ 1996ലാണ് അതീഖ് വിവാഹം ചെയതത്. അതുവരെ സാധാരണ നിലയിലുള്ള ജീവിതമായിരുന്നു ഇവർ നയിച്ചത്. പ്ലസ് ടു വരെ പഠിച്ച ഇവർ നിയമവിരുദ്ധ പ്രവർത്തികളൊന്നും നടത്തിയിരുന്നില്ല.
  • 2009 മുതലായി ഷായിസ്തയ്ക്കെതിരെ ഒരു കൊലപാതകക്കേസും മൂന്ന് വഞ്ചനാ കേസുകളുമടക്കം നാല് കേസുണ്ടെന്നാണ് പൊലീസ് പറയുന്നത്. വഞ്ചനാ കേസുകൾ കോളോണൽഗഞ്ച് പൊലീസ് സ്‌റ്റേഷനിലാണ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ പീനൽകോഡിന്റെ 420- വഞ്ചന, 467, 468, 471, ഇന്ത്യൻ ആയുധ നിയമത്തിലെ സെക്ഷൻ 30 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസുകളെടുത്തിരിക്കുന്നത്.
  • ഉമേഷ് പാൽ വധക്കേസിൽ ഷായിസ്തയെ മുഖ്യപ്രതിയായാണ് ചേർത്തിരിക്കുന്നത്. ബിഎസ്പി എംഎൽഎ രാജു പാൽ കൊല്ലപ്പെട്ട കേസിലെ സാക്ഷിയായ ഉമേഷ് പാൽ സിങ് ഫെബ്രുവരി 24നാണ് പ്രയാഗ് രാജിൽ വച്ച് വെടിയേറ്റു മരിച്ചത്.
  • 2021ൽ ഷായിസ്ത അസദുദ്ദീൻ ഉവൈസിയുടെ എഐംഐഎമ്മിൽ ചേർന്നിരുന്നു. പിന്നീട് 2023 ജനുവരിയിൽ ഇവർ മായാവതിയുടെ ബിഎസ്പിയിലേക്ക് ചേക്കേറി. ‘എന്റെ ഭർത്താവ് (അതീഖ്) എസ്പി തലവനോട് കൂട്ടുകെട്ട് പുലർത്തിയതിനാൽ അച്ചടക്കം പഠിക്കാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹം എപ്പോഴും ബി.എസ്.പിയെ ഇഷ്ടപ്പെട്ടിരുന്നു. ബി.എസ്.പി നേതാക്കളെ സഹായിക്കുക വരെ ചെയ്തിരുന്നു’ അന്ന് ഷായിസ്ത പറഞ്ഞു.
  • ഉമേഷ് പാൽ വധക്കേസിന്റെ ആസൂത്രണത്തിലും നടപ്പാക്കുന്നതിലും ഷായിസ്തയ്ക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.
  • അതീഖ് ജയിലിലായപ്പോൾ ഷായിസ്തയാണ് അദ്ദേഹത്തിന്റെ സംഘത്തെ നയിച്ചതെന്നാണ് വിവരം.
  • സംഘത്തിനിടയിൽ ഗോഡ്മദർ എന്നാണ് ഷായിസ്ത അറിയപ്പെടുന്നത്.
  • അതീഖ് തന്റെ മകൻ അലിയെയും 25 ഷൂട്ടർമാരെയും അയച്ച് തന്റെ ഭൂമി ഷായിസ്തയുടെ പേരിലേക്ക് എഴുതിക്കൊടുക്കാനും അഞ്ച് കോടി നൽകാനും ആവശ്യപ്പെട്ടിരുന്നതായി ബന്ധുവായ മുഹമ്മദ് ജിഷാൻ മുമ്പ് ആരോപിച്ചിരുന്നു.

അതീഖും സഹോദരൻ അഷ്റഫും പൊലീസ് കസ്റ്റഡിയിൽ വച്ചാണ് വെടിയേറ്റു മരിച്ചത്. മാധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയ ചിലർ ഇവർക്കു നേരെ നിറയൊഴിക്കുകയായിരുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഷായിസ്ത എഴുതിയതെന്ന പേരിലുള്ള കത്ത് ഇതിന് ശേഷം പ്രചരിച്ചിരുന്നു. ഉമേഷ് പാൽ വധക്കേസിൽ തന്റെ ഭർത്താവ് അതീഖിനും സഹോദരൻ അഷ്‌റഫിനും പങ്കില്ലെന്നായിരുന്നു കത്തിൽ പറഞ്ഞത്. മന്ത്രിയായ നന്ദ്‌ഗോപാൽ ഗുപ്തയാണ് പ്രധാന ആസൂത്രകനെന്നും ഫെബ്രുവരി 27ന് എഴുതിയ കത്തിൽ ആരോപിച്ചു. ‘നിങ്ങൾ (യോഗി) ഇടപെട്ടില്ലെങ്കിലും എന്റെ ഭർത്താവും സഹോദരനും മക്കളും കൊല്ലപ്പെടും’ കത്തിൽ അവർ പറഞ്ഞു. ഭർത്താവിന്റെ മരണാനന്തരം ഇദ്ദ (മരണാനന്തരമുള്ള ഇസ്‌ലാമിക ചടങ്ങ്) ആചരണത്തിലാണ് ഷായിസ്തയുള്ളതെന്നാണ് വാർത്തകൾ.

അതേസമയം, അതീഖിന്റെയും അഷ്‌റഫിന്റെയും വധത്തിന് പിറകിൽ ഷായിസ്തയും ഗുഡ്ഡു മുസ്‌ലിമുമാണെന്ന് സംഘപരിവാർ പ്രൊഫൈലുകൾ ട്വിറ്ററടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. ഇരുവരും തമ്മിൽ ബന്ധമുണ്ടെന്നും ഇവർ ആരോപിക്കുന്നു. ഇതിനെ തുടർന്ന് പടിഞ്ഞാറൻ യു.പിയിലെ ഷൂട്ടർമാരെ ഇവർ കൊണ്ടുവന്നുവെന്നും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here