അഞ്ച് തവണ എം.എൽ.എയും ഒരു തവണ എം.പിയും, വരാണസിയില്‍ മോദിയുടെ എതിരാളി, നൂറിലേറെ കേസുകള്‍… ആരാണ് അതീഖ് അഹമ്മദ്?

0
266

ഡല്‍ഹി: പതിനേഴാം വയസ്സിൽ കൊലക്കേസിൽ പ്രതി. തുടർച്ചയായി അഞ്ച് തവണ എം.എൽ.എയും ഒരു തവണ എം.പിയും. നൂറിലേറെ കേസുകള്‍. സംഭവബഹുലമാണ് അതീഖ് അഹമ്മദിന്‍റെ ജീവിതം.

1962ൽ പഴയ അലഹബാദിലാണ് ജനനം. കുട്ടിക്കാലത്ത് കൂട്ടിനുണ്ടായിരുന്നത് കൊടിയ ദാരിദ്ര്യം. തീവണ്ടിയിൽ നിന്ന് കൽക്കരി മോഷ്ടിച്ചായിരുന്നു സമ്പന്നതയിലേക്കുള്ള വളർച്ച. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, കൊള്ള- നൂറിലേറെ കേസുകളാണ് അതീഖ് അഹമ്മദിന്‍റെ പേരിലുള്ളത്. പതിനേഴാം വയസ്സിൽ ചാർത്തപ്പെട്ട കൊലക്കുറ്റം യു.പിയിലെ ഗാങ്സ്റ്റർ ആക്റ്റ് പ്രകാരമുള്ള ആദ്യ അറസ്റ്റിലേക്ക് നയിച്ചു. ഗുണ്ടാത്തലവനിൽ നിന്ന് പിന്നെ രാഷ്ട്രീയക്കാരനിലേക്ക്. 40 വർഷത്തോളം ആതിഖിന് എതിരുണ്ടായിരുന്നില്ല.

1989ൽ ഇരുപത്തിയേഴാം വയസ്സിലായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്. നിയമസഭയിലേക്ക് സ്വതന്ത്രനായി ജയിച്ചു. 1991 മുതൽ 2004 വരെ തുടർച്ചയായി എം.എൽ.എ. മൂന്നു തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയായും ഒരു തവണ എസ്.പി സ്ഥാനാര്‍ഥിയായും ഒരു തവണ അപ്നാദള്‍ സ്ഥാനാര്‍ഥിയുമായാണ് വിജയിച്ചത്. 2004ൽ സമാജ്‍വാദി ടിക്കറ്റിൽ ഫുൽപൂരിൽ നിന്ന് എംപിയായി. ഇതേ വര്‍ഷം അതീഖിന്‍റെ സഹോദരന്‍ അലഹബാദ് വെസ്റ്റ് നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ബി.എസ്.പി സ്ഥാനാര്‍ഥി രാജു പാലിനോട് പരാജയപ്പെട്ടു.

2005ല്‍ രാജുപാൽ വെടിയേറ്റ് കൊല്ലപ്പെട്ടതോടെ അതീഖ് നിയമക്കുരുക്കിലായി. അതീഖ്, അഷ്റഫ്, മറ്റ് ഏഴു പേര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പക്ഷെ പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ രാജു പാലിന്‍റെ ഭാര്യ പൂജയെ അഷ്റഫ് പരാജയപ്പെടുത്തി. കേസിലെ സാക്ഷി ഉമേഷ് പാല്‍, തന്നെ അതീഖും സംഘവും തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന് അടുത്ത വര്‍ഷം പരാതി നല്‍കി. 2008ല്‍ അതീഖ് കീഴടങ്ങി. എസ്.പി അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. 2014ല്‍ വീണ്ടും ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും സ്വതന്ത്രനായി വരാണസിയില്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഉമേഷ് പാല്‍ കേസില്‍ മാർച്ച് ഇരുപത്തിയെട്ടിനാണ് ഈ കേസില്‍ അതീഖിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഭരണ കാലത്ത് നിരന്തരം കേസുകൾ. ജയിലിലടക്കപ്പെട്ട അതീഖിന്റെയും കുടുംബത്തിന്റേയുമായി 11,684 കോടി മൂല്യം വരുന്ന വസ്തുവകകൾ സർക്കാർ കണ്ടുകെട്ടിയെന്നാണ് റിപ്പോർട്ടുകൾ. താൻ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുമെന്ന് അതീഖ് നേരത്തെ പറഞ്ഞിരുന്നു- “ഞാനൊന്നുമല്ലാതായിരിക്കുന്നു. എന്‍റെ കുടുംബത്തിലെ സ്ത്രീകളെയും കുട്ടികളെയും ബുദ്ധിമുട്ടിക്കരുത്”- പൊലീസ് വാനിനുള്ളില്‍ വെച്ച് അതീഖ് അഹമ്മദ് ഇങ്ങനെ പറയുകയുണ്ടായി.

മൂന്ന് ദിവസം മുൻപാണ് അതീഖിന്‍റെ മകൻ ആസാദ് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. സംസ്കാരത്തിനെത്താൻ അതീഖിനെ പൊലീസ് അനുവദിച്ചില്ല. മരിക്കുന്നതിന് തൊട്ടുമുൻപ് പറഞ്ഞത് ഇപ്രകാരം- “അവർ കൊണ്ടുപോയില്ല, അതിനാല്‍ പോയില്ല”.

പ്രയാഗ്‌രാജില്‍ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴാണ് പൊലീസിന്‍റെയും മാധ്യമപ്രവര്‍ത്തകരുടെയും മുന്നില്‍വെച്ച് അതീഖിനെയും സഹോദരനെയും കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. പൊലീസ് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ അതീഖും അഷ്‌റഫും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകാൻ തുടങ്ങിയ ഉടൻ മൂന്നംഗ സംഘം ഇരുവരുടെയും തലയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ് ഇരുവരും നിലത്തുവീണു.

മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടിയന്തര യോഗം വിളിച്ച് മൂന്നംഗ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞയും ഏർപ്പെടുത്തി. വ്യാഴാഴ്ച അതീഖിന്റെ മകൻ ആസാദിനെയും അനുയായിയെയും ഏറ്റുമുട്ടലില്‍ യുപി പൊലീസ് കൊലപ്പെടുത്തിയിരുന്നു. പൊലീസ് കസ്റ്റഡിയിൽ കൊല നടക്കുമ്പോൾ പൊതുജനത്തിന് എന്തു സുരക്ഷയാണ് ഉള്ളതെന്ന് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ചോദിച്ചു. യു.പിയിൽ നിയമവാഴ്ച തകർന്നതിന് ഉദാഹരണമാണ് അതീഖിൻറെ കൊലപാതകമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here