മാപ്പിള പാട്ട് രംഗത്ത് ജനപ്രീതി നേടിയ ഗായകനാണ് കൊല്ലം ഷാഫി. ‘തല്ലുമാല’ അടക്കമുള്ള സിനിമകളിലൂടെ അഭിനയരംഗത്തും സജീവമാവുകയാണ് ഗായകന്‍ ഇപ്പോള്‍. കലാപാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നുമെത്തിയ തനിക്ക് ഒരുപാട് ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് കൊല്ലം ഷാഫി തുറന്നു പറയുന്നത്.
ഇവന് എന്താണ് ഇവിടെ കാര്യമെന്ന മനോഭാവത്തോടെ പെരുമാറിയ ആളുകളെ തുടക്കത്തില്‍ കണ്ടിട്ടുണ്ട്. ഗാനമേളകളില്‍ പാടിത്തുടങ്ങിയ കാലത്ത് ഹിന്ദി പാട്ടുകളോട് പ്രത്യേക ഇഷ്ടമുള്ളതുകൊണ്ട് സ്റ്റേജ് പ്രോഗ്രാമുകളില്‍ കൂടുതല്‍ പാടിയിരുന്നതും ഹിന്ദി പാട്ടുകളായിരുന്നു.
ഒരിക്കല്‍ ഒരു ഗാനമേളയില്‍ ഇതുപോലെ ഒരു ഹിന്ദിപ്പാട്ട് പാടി. ഹിന്ദി, തമിഴ് പാട്ടുകള്‍ പാടാന്‍ വിദഗ്ധനായ ഒരു പാട്ടുകാരന്‍ കൂട്ടത്തിലുണ്ടായിരുന്നു. താന്‍ ഹിന്ദിപ്പാട്ട് പാടിയത് പുള്ളിക്കാരന് ഇഷ്ടപ്പെട്ടില്ല. പാടിക്കഴിഞ്ഞ് വെള്ളം ചോദിച്ച് അയാളുടെ അടുത്തേക്ക് ചെന്നു.
വെള്ളം കുടിച്ചു കൊണ്ടിരുന്ന അയാള്‍ ദേഷ്യത്തോടെ ഗ്ലാസിലേക്ക് കാര്‍ക്കിച്ച് തുപ്പി ഗ്ലാസ് താഴേക്കെറിഞ്ഞു. ”വേണമെങ്കില്‍ കഴുകിക്കുടിച്ചോ” എന്ന് പറഞ്ഞു. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമായിരുന്നു അത്.
ആല്‍ബം പാട്ടുകളൊക്കെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ കാലത്ത് മുന്‍ഗാമികളായ പാട്ടുകാരുടെ ചീത്തവിളി കേട്ടിട്ടുണ്ട്. മതത്തിന്റെയും ജാതിയുടെയും പേരില്‍ അവഹേളനങ്ങള്‍ അനുഭവിച്ച ഒരുപാട് കലാകാരന്മാര്‍ അക്കാലത്തുണ്ടായിരുന്നു എന്നാണ് കൊല്ലം ഷാഫി ഗൃഹലക്ഷ്മിക്ക് നമല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.