ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് നൽകുന്ന സേവനം മെച്ചപ്പെടുത്തുന്നതിന് പുതിയ പരിഷ്കാരങ്ങൾ അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. സന്ദേശം ഒന്നിലധികം ആളുകളിലേക്ക് ഒരേസമയം എത്തിക്കാൻ സാധിക്കുന്ന ചാനൽ എന്ന ഫീച്ചർ യാഥാർത്ഥ്യമാക്കാൻ വാട്സ്ആപ്പ് തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. തുടക്കത്തിൽ ഐഫോണിലാണ് ഈ ഫീച്ചർ വരിക.
ഫോൺ നമ്പറുകളുടെയും വിവരങ്ങളുടെയും സ്വകാര്യത കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന തരത്തിലാണ് ഇത് അവതരിപ്പിക്കുക. സെക്ഷനിൽ ചാനലുകൾ ഉൾപ്പെടുത്താൻ കഴിയുംവിധം സ്റ്റാറ്റസ് ടാബ് അപ്ഡേറ്റ്സിന്റെ പേരിൽ മാറ്റംവരുത്തും. ഓരോരുത്തരുടെയും ഇഷ്ടം അനുസരിച്ച്, അവരവർക്ക് ആവശ്യമായ ആളുകളെ ഫോളോ ചെയ്ത് അപ്ഡേറ്റ്സുകൾ അറിയാൻ കഴിയുംവിധമാണ് സംവിധാനം ഒരുക്കുക. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഫീച്ചർ ഭാവിയിൽ എല്ലാവർക്കും ലഭ്യമാക്കുമെന്നാണ് റിപ്പോർട്ടുകൾ.
സുരക്ഷയുമായി ബന്ധപ്പെട്ട എൻഡ്- ടു – എൻഡു എൻക്രിപ്ഷൻ ചാനലുകളെ ബാധിക്കില്ല. കൂടാതെ ഇത് ഓപ്ഷണലായാണ് അവതരിപ്പിക്കുക. ഏതെല്ലാം ചാനലുകൾ ഫോളോ ചെയ്യണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാൻ സാധിക്കുംവിധമാണ് ക്രമീകരണം. ആരെയെല്ലാം ഫോളോ ചെയ്യുന്നുണ്ട് എന്ന് മറ്റുളളവർക്ക് കാണാൻ സാധിക്കില്ല. കോൺടാക്ട്സിൽ പേര് ഉണ്ടോ ഇല്ലയോ എന്നത് ഇതിന് ബാധകമല്ലെന്നാണ് റിപ്പോർട്ട്.
വാട്സ്ആപ്പിൽ യൂസർ നെയിം ടൈപ്പ് ചെയ്ത് ചാനലുകൾ തെരഞ്ഞെടുക്കാൻ സാധിക്കും. ഫെബ്രുവരിയിലാണ് ഇൻസ്റ്റഗ്രാമിൽ ബ്രോഡ്കാസ്റ്റ് ചാനൽ സംവിധാനം മെറ്റ അവതരിപ്പിച്ചത്.