ന്യൂഡല്‍ഹി: പല കാരണങ്ങള്‍ കൊണ്ട് ചിലപ്പോള്‍ കോള്‍ എടുക്കാന്‍ കഴിഞ്ഞില്ലെന്ന് വരാം. ഇക്കാര്യം ഉടനടി വിളിച്ചയാളെ അറിയിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്.
‘reply with a message’ എന്ന പേരില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനാണ് ആലോചന. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ആന്‍ഡ്രോയിഡ് 2.23.9.16 അപ്ഡേറ്റിനായി ഏറ്റവും പുതിയ വാട്‌സ്ആപ്പ് ബീറ്റ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കും. കോള്‍ എടുക്കാതിരിക്കുന്നതിന് പിന്നിലെ കാരണം ഉടന്‍ തന്നെ വിളിച്ചയാളെ അറിയിക്കാന്‍ സഹായിക്കുന്നതാണ് ഫീച്ചര്‍. കോള്‍ നോട്ടിഫിക്കേഷനിലാണ് റിപ്ലെ ബട്ടണ്‍ കൊണ്ടുവരുന്നത്.
കോള്‍ വരുമ്പോള്‍ തന്നെ കോള്‍ നോട്ടിഫിക്കേഷനിലൂടെയാണ് പരിഷ്‌കാരം കൊണ്ടുവരുന്നത്. കോള്‍ കട്ട് ചെയ്യാനും എടുക്കാനും അനുവദിക്കുന്ന ബട്ടണൊപ്പമാണ് റിപ്ലെ ബട്ടണ്‍ നല്‍കുക. റിപ്ലെ ബട്ടണിലാണ് അമര്‍ത്തുന്നതെങ്കില്‍ ഇന്‍കമിങ് കോള്‍ റദ്ദാവുകയും മെസേജ് ബോക്‌സ് സജീവമാകുകയും ചെയ്യും. ഉടന്‍ തന്നെ വിളിച്ചയാള്‍ക്ക് സന്ദേശം നല്‍കാന്‍ കഴിയുംവിധമാണ് സംവിധാനം. കോള്‍ എടുക്കാതെ തന്നെ ഇപ്പോള്‍ കോള്‍ എടുക്കാതിരിക്കുന്നതിന് പിന്നിലെ കാരണം വിളിച്ചയാളെ അറിയിക്കാന്‍ സാധിക്കും. മീറ്റിങ് പോലെ കോള്‍ എടുക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ഈ ഫീച്ചര്‍ പ്രയോജനപ്പെടും.