എന്താണ് യുഎപിഎ സെക്ഷൻ 16 ? ഷാരൂഖ് സെയ്ഫിക്കെതിരെ ചുമത്തിയാൽ എന്ത് ശിക്ഷ ലഭിക്കും ?

0
202

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ മുഖ്യപ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ സെക്ഷൻ 16 ചുമത്തിയേക്കുമെന്ന ആലോചനങ്ങൾ പൊലീസ് തലപ്പത്ത് നടക്കുന്നതിനിടെ വീണ്ടും സമൂഹത്തിൽ യുഎപിഎ ചർച്ചയാവുകയാണ്. എന്താണ് യുഎപിഎ സെക്ഷൻ 16 ? എന്ത് ശിക്ഷയാണ് ലഭിക്കുക ?

യുഎപിഎ സെക്ഷൻ 16

1967 ൽ നിലവിൽ വന്ന നിയമമാണ് യുഎപിഎ ( അൺലോഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) അഥവാ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം. ആദ്യം ടാഡ നിയമം ( Terrorist and Disruptive Activities (Prevention) Act ), അതിനു ശേഷം POTA ( Prevention of Terrorism Act, 2002) എന്നിങ്ങനെ തീവ്രവാദ വിരുദ്ധതയുടെ പേരിൽ നിരവധി നിയമങ്ങൾ നിലവിൽ വന്നു. പിന്നീട് സമൂഹത്തിൽ നിന്നുണ്ടായ പ്രതിഷേധങ്ങൾക്കൊടുവിൽ അവയെല്ലാം പിൻവലിക്കുകയാണുണ്ടായത്. 1967 ലെ യുഎപിഎ നിയമം 2004 ൽ ഭേദഗതി വരുത്തിയാണ് ഇന്ന് കാണുന്ന രൂപത്തിലെത്തിയത്.

ഇതിലെ സെക്ഷൻ 16 ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. തീവ്രവാദ പ്രവർത്തനം നടത്തുകയോ, അതിൽ ജീവഹാനി സംഭവിക്കുകയോ ചെയ്താൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് സെക്ഷൻ 16. ഏറ്റവും കുറഞ്ഞത് അഞ്ച് വർഷം വരെ തടവ് ശിക്ഷയും അത് ജീവപര്യന്തം വരെ നീളുകയോ ചെയ്യാം. ഒപ്പം പിഴയും ലഭിക്കും.

ഇതിന് മുൻപ് യുഎപിഎ സെക്ഷൻ 16 ചുമത്തപ്പെട്ടവർ

1990 ൽ നാല് വ്യോമസേനാംഗങ്ങളെ വധിച്ച കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ വ്യക്തിയാണ് യാസിൻ മാലിക്. യാസിൻ മാലികിനെതിരെ അന്നത്തെ അന്വേഷണ സംഘം യുഎപിഎ സെക്ഷൻ 16 ചുമത്തിയിരുന്നു. കേസ് കോടതിയുടെ പരിഗണനയിലാണ്. കോയമ്പത്തൂർ സ്‌ഫോടന കേസിലും പ്രതികൾക്കെതിരെ യുഎപിഎ സെക്ഷൻ 16 ചുമത്തിയിരുന്നു.

ഷാരുഖ് സെയ്ഫിക്കെതിരെയും യുഎപിഎ സെക്ഷൻ 16

ഷാരുഖിനെതിരെ യിഎപിഎ സെക്ഷൻ 16 ചുമത്താനാണ് പൊലീസ് തലപ്പത്തു ചർച്ച നടക്കുന്നത്. തീവ്രവാദ പ്രവർത്തനം വഴി മരണം സംഭവിക്കുന്ന കുറ്റകൃതമാണ് യുഎപിഎ സെക്ഷൻ 16. വധ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് യുഎപിഎ സെക്ഷൻ 16. ഷാരൂഖ് നടത്തിയത് തീവ്രവാദ പ്രവർത്തനമാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. അതുകൊണ്ട് തന്നെ തീവ്രവാദവുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി കേസ് ചാർജ് ചെയ്യാനാണ് പൊലീസ് നീക്കം നടത്തുന്നത്. ഷാരുഖ് ഏതെങ്കിലും തീവ്രവാദ സംഘവുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കൃത്യം നടത്തിയത് ഒറ്റയ്ക്കാണെന്നാണ് ഷാരൂഖ് ആദ്യം നൽകിയ മൊഴി. എന്നാൽ തനിക്ക് ലഭിച്ച നിർദേശങ്ങൾ പ്രകാരമാണ് കൃത്യം നടത്തിയതെന്നാണ് മഹാരാഷ്ട്ര പൊലീസിന് ഷാരൂഖ് നൽകിയ മൊഴി. അക്രമത്തിന് പിന്നിൽ മറ്റാരുമില്ലെന്നും താൻ മാത്രമാണ് ഉത്തരവാദിയെന്നുമാണ് കേരളാ പൊലീസിനോട് ഷാരൂഖ് പറഞ്ഞത്. തന്റെ കുബുദ്ധിയിൽ ചെയ്ത് പോയതാണെന്നാണ് ഷാരൂഖ് പറയുന്നത്. ‘തീ വയ്പ്പിന് ശേഷം അതേ ട്രെയിനിൽ കണ്ണൂരിലെത്തി. സ്റ്റേഷനിൽ പരിശോധന നടക്കുമ്പോൾ ഒന്നാം പ്ലാറ്റ്‌ഫോമിൽ ഒളിച്ചിരുന്നു. പുലർച്ചെ രത്‌നഗിരിയിലേക്ക് പോയി. ജനറൽ കംപാർട്ട്‌മെന്റിലായിരുന്നു യാത്ര. ടിക്കറ്റ് എടുത്തിരുന്നില്ല.’ പ്രതി പറഞ്ഞു. കേരളത്തിൽ ആദ്യമാണെന്നും ഷാരൂഖ് പൊലീസിനോട് പറഞ്ഞു. മൊഴിയിൽ വിശദ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പൊലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here