‘ഒരു മുസ്‍ലിം വോട്ട് പോലും ഞങ്ങൾക്ക് വേണ്ട’- വിവാദ പ്രസ്താവനയുമായി മുൻ കർണാടക മന്ത്രി ഈശ്വരപ്പ

0
345

അഴിമതി ആരോപണത്തിൽ കുടുങ്ങി മന്ത്രിപദം നഷ്ടമായ മുൻ ബി.ജെ.പി നേതാവ് ഈശ്വരപ്പ കടുത്ത വർഗീയ പരാമർശങ്ങളുമായി വീണ്ടും. നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മുസ്‍ലിം വിരുദ്ധത പരസ്യമാക്കിയ പരാമർശവുമായി രംഗത്തെത്തിയത്. വരുന്ന തെരഞ്ഞെടുപ്പിൽ ‘ഒറ്റ മുസ്‍ലിം വോട്ടു പോലും ഞങ്ങൾക്ക് വേണ്ടെന്ന്’ ശിവമൊഗ്ഗയിൽ ലിംഗായത്ത് സമുദായ വോട്ടർമാർക്ക് മുന്നിൽ ഈശ്വരപ്പ പറഞ്ഞു.

‘‘60,000- 65,000 (മുസ്‍ലിം) വോട്ടുകൾ പട്ടണത്തിൽ (ശിവമൊഗ്ഗ) ഉണ്ട്. തുറന്നുപറയാൻ ആഗ്രഹിക്കുകയാണ്. അതിൽ ഒറ്റ മുസ്‍ലിം വോട്ടുപോലും വേണ്ട. തീർച്ചയായും ഞങ്ങളുടെ സഹായം ലഭിച്ച മുസ്‍ലിംകളുണ്ട്. അവർ ഞങ്ങൾക്ക് വോട്ടുചെയ്യും. ദേശീയ മുസ്‍ലിംകൾ തീർച്ചയായും ബി.ജെ.പിക്കാകും വോട്ടുചെയ്യുക’’- അദ്ദേഹം പറഞ്ഞതായി ടെലഗ്രാഫ് റി​പ്പോർട്ട് ചെയ്തു.

സംസ്ഥാന ഗ്രാമീണ വികസന പഞ്ചായത്തിരാജ് മന്ത്രിയായിരുന്ന ഈശ്വരപ്പ 2022 ഏപ്രിലിലാണ് രാജിവെക്കാൻ നിർബന്ധിതനായത്. കരാറുകാരനായ സ​ന്തോഷ് പാട്ടീലിന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു രാജി. ബെളഗാവിയിൽ പൊതുമരാമത്ത് ജോലികൾക്ക് ഈശ്വരപ്പ വൻതുക കമീഷൻ കൈപ്പറ്റിയെന്ന് കുറ്റപ്പെടുത്തിയായിരുന്നു ആത്മഹത്യ. ഇതോടെ, പാർട്ടിയിൽ അനഭിമതനായി മാറിയ ഈശ്വരപ്പ രാജിക്ക് നിർബന്ധിതനായി.

ഈ തെരഞ്ഞെടുപ്പിൽ തനിക്കു പകരം മകൻ കെ.ഇ. കാണ്ടേഷിന് സ്ഥാനാർഥിത്വം ലഭിക്കാൻ ഈശ്വരപ്പ സമ്മർദം ചെലുത്തിയെങ്കിലും ചന്നബസപ്പക്കാണ് ബി.ജെ.പി ടിക്കറ്റ് നൽകിയത്. മകൻ പുറത്തായിട്ടും വിമത സ്വരമുയർത്താത്തതിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം വിളിച്ച് അഭിനന്ദനമറിയിച്ചെന്ന് വാർത്തയുണ്ടായിരുന്നു. അതിനു പിന്നാലെയാണ് കടുത്ത മുസ്‍ലിം വിരുദ്ധ പരാമർശവുമായി പ്രചാരണത്തിൽ തിരിച്ചെത്തിയത്. ബി.ജെ.പി വെറ്ററൻ നേതാവ് ബി.​എസ് യദ്യൂരപ്പയുടെ ശക്തി കേന്ദ്രമാണ് ശിവമൊഗ്ഗ.

മേയ് 10ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഒരിടത്തും ബി.ജെ.പി മുസ്‍ലിം സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. 224 അംഗ സഭയിലേക്ക് മുസ്‍ലിം സമുദായത്തിൽനിന്ന് കോൺഗ്രസ് 14 പേരെയും ജനതാദൾ സെക്കുലർ 23 പേരെയും സ്ഥാനാർഥിയാക്കിയിടത്താണ് ബി.ജെ.പി നയം വ്യക്തമാക്കി പ്രാതിനിധ്യം സമ്പൂർണമായി ഒഴിവാക്കിയത്. സംസ്ഥാനത്ത് 2011ലെ ജനസംഖ്യ കണക്കുകൾ പ്രകാരം 13 ശതമാനമാണ് മുസ്‍ലിംകൾ.

കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് സർക്കാർ ജോലിയിലും വ്യദ്യാഭ്യാസ രംഗത്തും നിലവിലുള്ള നാലു ശതമാനം മുസ്‍ലിമ സംവരണം സർക്കാർ എടുത്തുകളഞ്ഞിരുന്നു. പകരം വോക്കലിഗ, ലിംഗായത്ത് വിഭാഗങ്ങൾക്കായി ഈ സംവരണം വിഭജിച്ചുനൽകുകയും ചെയ്തു. എന്നാൽ, സുപ്രീം കോടതി ഇടപെട്ട് തത്കാലം നടപടി മരവിപ്പിച്ചു. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന സംവരണം ഭരണഘടനാവിരുദ്ധമാണെന്ന് അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here