ക്രിസ് ഗെയ്‌ലിന് മുമ്പും ശേഷവും ഒരേയൊരു സഞ്ജു സാംസണ്‍! റാഷിദ് ഖാനെതിരെ നേടിയ ഹാട്രിക് സിക്‌സ്- വീഡിയോ

0
200

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മിന്നുന്ന പ്രകടനം പുറത്തെടുത്തിരുന്നു രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. തോല്‍ക്കുമെന്ന് ഉറപ്പായ കളി തിരിച്ചുപിടിച്ചത് സഞ്ജുവിന്റെ അതിവേഗ ഇന്നിംഗ്‌സായിരുന്നു. 32 പന്തുകള്‍ നേരിട്ട താരം ആറ് സിക്‌സിന്റേയും മൂന്ന് ബൗണ്ടറികളുടേയും പിന്‍ബലത്തില്‍ 60 റണ്‍സാണ് നേടിയത്.  രാജസ്ഥാന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വെറും നാല് റണ്‍സെടുത്തിരിക്കെയാണ് സഞ്ജു ക്രീസിലെത്തുന്നത്.

15-ാം ഓവറിന്റെ അവസാന പന്തില്‍ സഞ്ജു മടങ്ങുമ്പോള്‍ സ്‌കോര്‍ അഞ്ചിന് 114 എന്ന നിലയാലിയിരുന്നു. ആറ് സിക്‌സുകള്‍ സഞ്ജുവിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ഇതില്‍ അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനെതിരെ നേടിയ ഹാട്രിക്ക് സിക്‌സും ഉള്‍പ്പെടും. ഐപിഎല്ലില്‍ റാഷിദിനെതിരെ തുടര്‍ച്ചയായി മൂന്ന് സിക്‌സ് നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് സഞ്ജു. ക്രിസ് ഗെയ്ല്‍ ഒരിക്കല്‍ തുടര്‍ച്ചയായി നാല് സിക്‌സ് നേടിയിരുന്നു. വീഡിയോ കാണാം…

മത്സരം മൂന്ന് വിക്കറ്റിനാണ് രാജസ്ഥാന്‍ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. 45 റണ്‍സ് നേടിയ ഡേവിഡ് മില്ലറായിരുന്നു ടോപ് സ്‌കോറര്‍. 45 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും തിളങ്ങി. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 19.2 ഓവറില്‍ സ്‌കോര്‍ മറികടന്നു. 26 പന്തില്‍ 56 റണ്‍സുമായി പുറത്താവാതെ നിന്ന ഷിംറോണ്‍ ഹെറ്റ്മയെറാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. അഞ്ച് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹെറ്റ്‌മെയറുടെ ഇന്നിംഗ്‌സ്.

നേരത്തെ, രാജസ്ഥാന്‍ റോയല്‍സിന്റെ തുടക്കം പാളി. മുഹമ്മദ് ഷമിയുടെ ആദ്യ ഓവറില്‍ രണ്ട് റണ്‍സ് മാത്രം നേടിയ രാജസ്ഥാന് ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ രണ്ടാം ഓവറില്‍ യശസ്വി ജയ്സ്വാളിനെ നഷ്ടമായി. ഏഴ് പന്തില്‍ ഒരു റണ്ണെടുത്ത താരത്തെ ശുഭ്മാന്‍ ഗില്‍ പിടികൂടുകയായിരുന്നു. ഷമി വീണ്ടും പന്തെടുത്തപ്പോള്‍ മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ വെടിക്കെട്ട് വീരന്‍ ജോസ് ബട്ലര്‍ പൂജ്യത്തില്‍ മടങ്ങി.

ഇതോടെ 2.5 ഓവറില്‍ 4-2 എന്ന നിലയില്‍ രാജസ്ഥാന്‍ പ്രതിരോധത്തിലായി. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 26-2 എന്ന നിലയിലായിരുന്ന രാജസ്ഥാന്‍ ഒന്‍പത് ഓവറിലാണ് 50 തികച്ചത്. എന്നാല്‍ റാഷിദ് ഖാനെ അലക്ഷ്യ ഷോട്ടിന് ശ്രമിച്ച് ദേവ്ദത്ത് പടിക്കലും(25 പന്തില്‍ 26), റിയാന്‍ പരാഗും(7 പന്തില്‍ 5) വിക്കറ്റ് വലിച്ചെറിഞ്ഞതോടെ ടീം വീണ്ടും പ്രതിരോധത്തിലായി. പിന്നീടാണ് സഞ്ജുവും ഹെറ്റ്‌മെയറും ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here