ടി20 ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷിംഗ്, റിങ്കു സിംഗിന്‍റെ അവസാന ഓവറിലെ സിക്സര്‍ പൂരം കാണാം-വീഡിയോ

0
222

അഹമ്മദാബാദ്:അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്തും കൊല്‍ക്കത്തയും ഏറ്റുമുട്ടിയപ്പോള്‍ വീരോചിത പ്രകടനങ്ങള്‍ നിരവധിയുണ്ടായിരുന്നു.ഗുജറാത്ത് ബാറ്റിംഗില്‍ 24 പന്തില്‍ 63 റണ്‍സടിച്ച വിജയ് ശങ്കറുടെ വെടിക്കെട്ട്,കൊല്‍ക്കത്ത ബാറ്റിംഗില്‍ 40 പന്തില്‍ 83 റണ്‍സടിച്ച വെങ്കിടേഷ് അയ്യര്‍, കൊല്‍ക്കത്തയില്‍ നിന്ന് വിജയം തട്ടിയെടുത്തുവെന്ന് തോന്നിച്ച ഗുജറാത്ത് നായകന്‍ റാഷിദ് ഖാന്‍റെ ഹാട്രിക്ക്, എന്നാല്‍ അതിനെല്ലാം മേലെ മറ്റൊരു സൂപ്പര്‍ ഹിറോ ഉദിക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു.

അവസാന ഓവര്‍ വരെ പതുങ്ങി നിന്ന റിങ്കു സിംഗ് യാഷ് ദയാല്‍ എറിഞ്ഞ അവസാന ഓവറില്‍ പുലിയായ കുതിച്ചപ്പോള്‍ പിറന്നത് ഐപിഎല്ലിലെ മാത്രമല്ല, ടി20 ചരിത്രത്തിലെ തന്നെ എക്കാലത്തെയും ആവേശ ജയം. അതുകൊണ്ടു തന്നെ റിങ്കു സിംഗിന്റ‍ പ്രകടനത്തെ വാഴ്ത്താന്‍ ആരാധകര്‍ക്കൊപ്പം ഇതിഹാസങ്ങള്‍ക്കും പുതിയ വാക്കുകള്‍ തേടിപ്പിടിക്കേണ്ടിവന്നു.

പതിനെട്ടാം ഓവര്‍ തുടങ്ങുമ്പോള്‍ കൊല്‍ക്കത്തക്ക് ജയിക്കാന്‍ വേണ്ടത്  12 പന്തില്‍ 43 റണ്‍സ്. റിങ്കു സിംഗ് 11 പന്തില്‍ ഏഴ് റണ്‍സുമായി ക്രീസില്‍. പത്തൊമ്പതാം ഓവര്‍ എറിഞ്ഞ ജോഷ്വാ ലിറ്റിലിന്‍റെ അവസാന രണ്ട് പന്തില്‍ സിക്സും ഫോറും നേടി റിങ്കു നല്‍കിയത് സൂചനയായിരുന്നുവെന്ന് തിരിച്ചറിയാന്‍ ഗുജറാത്തിനായില്ല.കാരണം അവസാന ഓവറില്‍ 29 റണ്‍സ് എന്നത് അസാധ്യമല്ലെങ്കിലും സാധാരണമല്ലാത്തതിനാല്‍ നായകന്‍ റാഷിദ് ഖാന്‍ യാഷ് ദയാലിനെ പന്തേല്‍പ്പിക്കുമ്പോള്‍ വിജയം ഉറപ്പിച്ചവരെപ്പോലെയായിരുന്നു ഗുജറാത്തിന്‍റെ ശരീരഭാഷ.

ആദ്യ പന്തില്‍ ഉമേഷ് യാദവ് സിംഗിളെടുത്ത് സ്ട്രൈക്ക് റിങ്കു സിംഗിന് കൈമാറുമ്പോഴും വരാനിരിക്കുന്ന കൊടുങ്കാറ്റ് കാണാന്‍ ഗുജറാത്തിനായില്ല. പിന്നീട് നടന്നത് ചരിത്രമായിരുന്നു. ആദ്യ ഏഴ് പന്തില്‍ നാലു റണ്‍സും 11 പന്തല്‍ ഏഴ് റണ്‍സും നേടിയിരുന്ന റിങ്കു അവസാനം നേരിട്ട എട്ട് പന്തില്‍ നേടിയത് 40 റണ്‍സ്. ഐപിഎല്ലിലെ എക്കാലത്തെയും വലിയ ആവേശപ്പോരാട്ടത്തിന്‍റെ വീഡിയോ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here