ചില കലാസൃഷ്ടികള്‍ നമ്മളെ അത്രയേറെ ആകര്‍ഷിച്ചിട്ടുണ്ടെങ്കില്‍ ‘അതില്‍പ്പെട്ട് പോയെന്ന്’ നമ്മള്‍ ആലങ്കാരികമായി പറയാറുണ്ട്. എന്നാല്‍ അത്തരത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഒരു യുവാവ് ഒരു ഇന്‍സ്റ്റലേഷനുള്ളില്‍പ്പെട്ട് പോയി. ഒടുവില്‍ ഇയാളെ പുറത്തെത്തിക്കാന്‍ അഗ്നിശമനാ സേനാ വകുപ്പ് തന്നെ വേണ്ടിവന്നു. കാനഡയിലെ എഡ്മണ്ടണിലെ ഒരു പൊതു കലാസൃഷ്ടിയിലാണ് 26 കാരനായ ഒരു യുവാവ് കുടുങ്ങിപ്പോയത്. ഒടുവില്‍ ആ കലാസൃഷ്ടി വെട്ടിപ്പൊളിച്ച് യുവാവിനെ രക്ഷപ്പെടുത്തേണ്ടിവന്നു. കലാസൃഷ്ടി നശിപ്പിക്കാന്‍ കാരണമായതിന് ഇയാള്‍ക്ക് 5,000 ഡോളർ (ഏകദേശം 4 ലക്ഷം രൂപ) പിഴ ചുമത്തി.
സംഭവം ഇങ്ങനെ: കഴിഞ്ഞ ഏപ്രിൽ 9 ന് രാത്രി എട്ടരയോടെ ടാലസ് ഡോം ശിൽപത്തിന് സമീപത്ത് കൂടി പോവുകയായിരുന്ന കോണർ ഷ്വിൻഡ് എന്നയാള്‍ ശില്പത്തിനുള്ളില്‍ നിന്ന് അസാധാരണ ശബ്ദം കേട്ട് അഗ്നിശമന സേനാംഗങ്ങളെ വിളിച്ച് വരുത്തി. അവരെത്തി നോക്കിയപ്പോള്‍ ശില്പത്തിന് അകത്ത് ഒരു യുവാവ്. അദ്ദേഹം പുറത്തിങ്ങാന്‍ പറ്റാതെ നിലവിളിക്കുകയായിരുന്നു. ഈസ്റ്ററിന് ശേഷമുള്ള ഡിന്നർ ഓട്ടത്തിലായിരുന്ന താൻ, ഫോക്സ് ഡ്രൈവിന്‍റെയും ക്യൂസ്നെൽ പാലത്തിന്‍റെയും അരികിൽ സ്ഥിതി ചെയ്യുന്ന ശിൽപത്തിനുള്ളില്‍ നിന്ന് നിലവിളി കേട്ടാണ് അഗ്നിശമന സേനയെ വിളിച്ചതെന്ന് കോണർ ഷ്വിൻഡ് പറയുന്നു. ശില്‍പത്തിനുള്ളില്‍ ഒരു യുവാവ് അസ്വസ്ഥനായി നടക്കുന്ന ഒരു വീഡിയോ ക്ലിപ്പ് പിന്നീട് കോണർ ഷ്വിൻഡ് ട്വിറ്ററിലൂടെ പുറത്ത് വിട്ടു.
Uh…
Someone just got stuck ***inside*** the Talus Dome/Talus Balls. #yeg #Yegcc (via @cwks on insta) pic.twitter.com/FXJ1vPMYt6
— Courtney Theriault (@cspotweet) April 10, 2023
വലിയ വെള്ളി ലോഹ ഗോളങ്ങൾ കൊണ്ട് നിർമ്മിച്ചതായിരുന്നു ആ കലാസൃഷ്ടി. ഈ ഗോളങ്ങള്‍ക്കിടയില്‍ ചില വിടവുകളുണ്ട്. എന്നാല്‍ ഈ വിടവുകളിലൂടെ അകത്ത് പെട്ടുപോയ ആളെ തിരിച്ചിറക്കാന്‍ കഴിയാത്തതിനാല്‍ അഗ്നിശമന സേനാംഗങ്ങള്‍ ഈ ലോഹ ഗോളങ്ങള്‍ വെട്ടിപ്പൊളിച്ചാണ് യുവാവിനെ പുറത്തെത്തിച്ചത്. “എലി ബക്കറ്റിൽ വീണത് പോലെയായിരുന്നു അത്. അയാൾ അതിനുള്ളിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടുകയായിരുന്നു.’ കോണർ ഷ്വിൻഡ് പറഞ്ഞു. അഗ്നിശമന സേന പറയുന്നതനുസരിച്ച്, ഇയാൾ ഏങ്ങനെയോ ആ ലോഹ ഘടനയ്ക്ക് മുകളിൽ കയറി, ഇങ്ങനെ കയറുന്നതിനിടെ ഇയാള്‍ കലാസൃഷ്ടിക്ക് കേടുപാട് വരുത്തി. ഘടനയുടെ ഭാഗമായ നിരവധി ഗോളങ്ങല്‍ക്ക് ചുളിവൂകള്‍ വീണു. ഇതിനിടെ കലാസൃഷ്ടിയുടെ മുകളിലെത്തിയ ഇയാള്‍ അതിനുള്ളിലേക്ക് വീഴുകയായിരുന്നു. എന്നാല്‍ അകത്തെത്തിയ ഇയാള്‍ക്ക് പുറത്തേക്ക് ഇറ്ങ്ങാന്‍ കഴിഞ്ഞില്ല. കലാസൃഷ്ടിക്ക് കേടുപാട് വരാന്‍ കാരണമായതിനാലാണ് ഇയാള്‍ക്ക് പിഴ ചുമത്തിയതെന്നും എഡ്‌മന്റൺ ഫയർ റെസ്‌ക്യൂ സർവീസ് വക്താവ് പറഞ്ഞു.