റമദാന്‍ പ്രാര്‍ത്ഥനയ്ക്കിടെ ചുമലില്‍ കയറിയ പൂച്ചയെ താലോലിക്കുന്ന ഇമാമിന്‍റെ വീഡിയോ വൈറല്‍

0
204

ലോകമെങ്ങുമുള്ള ഇസ്ലാം വിശ്വാസികള്‍ റമദാന്‍ ആഘോഷിക്കുകയാണ്. ഇസ്ലാം വിശ്വാസ പ്രകാരം ഖുര്‍ആന്‍ എഴുതപ്പെട്ട മാസമാണ് റമദാന്‍ മാസം. അതിനാല്‍ ഈ മാസം ഏറ്റവും അനുഗ്രഹീതവും പുണ്യവുമുള്ള മാസമാണെന്ന് വിശ്വാസികള്‍ കരുതുന്നു. അതിനാല്‍ പകല്‍ സമയത്ത് നോമ്പ് നോറ്റ് വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ മുഴുകുന്നു. ലോകമെങ്ങുമുള്ള ഇസ്ലാം വിശ്വാസികള്‍ ഇത് പിന്തുടരുന്നു.

അള്‍ജീരിയയിലെ ബോർഡ്ജ് ബൗ അറെറിഡ്ജിൽ ഇമാം വാലിദ് മെഹ്‌സാസിന്‍റെ റമദാന്‍ മാസ പ്രാര്‍ത്ഥന ലൈവ് ടെലികാസ്റ്റ് ചെയ്യുന്നതിനിടെ അസാധാരണമായ ഒരു സംഭവമുണ്ടായി. ഇമാം പ്രാര്‍ത്ഥന ചൊല്ലുന്നതിനിടെ പള്ളിയിലെ ഒരു പൂച്ച അദ്ദേഹത്തിന്‍റെ ദേഹത്തേക്ക് ചാടിക്കയറുന്നത് കാണാം. അദ്ദേഹം നെഞ്ചിന് നേരെയായി മടക്കിവച്ച കൈകളിലേക്ക് പൂച്ച ചാട്ടിക്കയറുകയായിരുന്നു. എന്നാല്‍ ആദ്യ ചാട്ടത്തില്‍ ഇമാമിന്‍റെ വസ്ത്രത്തില്‍ നഖം ആഴ്ത്താന്‍ കഴിഞ്ഞെങ്കിലും സുഖകരമായ ഒരു പിടിത്തത്തിന് പൂച്ചയ്ക്ക് കഴിഞ്ഞില്ല. പൂച്ച താഴെ വീണേയ്ക്കാമെന്ന ഘട്ടത്തില്‍ പ്രാര്‍ത്ഥനയ്ക്ക് ഭംഗം വരാതെ പൂച്ചയെ ഒരു കൈകൊണ്ട് ഇമാം സംരക്ഷിക്കുന്നതും വീഡിയോയില്‍ കാണാം.

സുരക്ഷിതമായി പിടിച്ച് നില്‍ക്കുന്നതില്‍ വിജയിച്ച് പൂച്ച പതുക്കെ ഇമാമിന്‍റെ ചുമലുകളിലേക്ക് കയറുന്നു. ചുമലില്‍ കയറിയ പൂച്ച ഇമാമിന് പുറകിലായി നിന്ന് പ്രര്‍ത്ഥന ഏറ്റു ചൊല്ലുന്ന വിശ്വാസികളെ ഒന്ന് ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുന്നു. തുടര്‍‌ന്ന് തിരിഞ്ഞ് ഇമാമിന്‍റെ ഇടത് ചുമലില്‍ സ്ഥാനം പിടിക്കുന്ന പൂച്ച ഇമാമിന്‍റെ കവിളില്‍ മുഖമുരസി തന്‍റെ സ്നേഹം പ്രകടിപ്പിക്കുന്നു. പിന്നാലെ അദ്ദേഹത്തിന്‍റെ ചുമലില്‍ നിന്നും താഴേയ്ക്ക് ചാടി തന്‍റെ വഴിക്ക് പോകുന്നു. പൂച്ച ചാടിയതിന് പിന്നാലെ പ്രാര്‍ത്ഥന തീരുന്നു. വീഡിയോ ഇതിനകം നിരവധി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here