വിലക്കയറ്റമാണ് പ്രധാന പ്രശ്നം. എല്ലാത്തിനും 40% കമ്മീഷനാണ്. ജനം സർക്കാറിനെ വെറുത്തിരിക്കുകയാണ്. മോദിയും അമിത് ഷായും കർണാടകയ്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. കർണാടകയുടെ ചരിത്രത്തിൽ ഇതുവരെ ബിജെപി ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തിയിട്ടില്ല. പിൻവാതിൽ വഴിയാണ് എപ്പോഴും ബിജെപി അധികാരം പിടിച്ചത്. ഇത്തവണ അത് സംഭവിക്കില്ല. നാലിൽ മൂന്ന് ഭൂരിപക്ഷം ജനം കോൺഗ്രസിന് നൽകുമെന്നും മുഹമ്മദ് ഹാരിസ് പറഞ്ഞു.
കർണാടകയിൽ ബിജെപി പ്രചാരണത്തിന് ചുക്കാൻ പിടിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വെളളിയാഴ്ച എത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് മോദി എത്തുന്നത്. ഭരണ വിരുദ്ധ വികാരവും ലിംഗായത്ത് സമുദായത്തിന്റെ നിലപാട് മാറ്റവും മോദിയുടെ പര്യടനത്തോടെ തണുപ്പിക്കാൻ കഴിയുമെന്നാണ് ബിജെപി കണക്കുകൂട്ടൽ. അടുത്ത മാസം രണ്ടിന് വീണ്ടും കർണാടകയിൽ എത്തുന്ന മോദി ഏഴ് വരെ പ്രചരണത്തിൽ പങ്കുചേരുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.
അതേസമയം കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് പൊതുഗതാഗത സംവിധാനത്തിൽ സൗജന്യ യാത്ര ഉറപ്പുവരുത്തുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. അഡയാറിലെ സഹ്യാദ്രി കോളേജ് കാമ്പസിൽ നടന്ന കോൺഗ്രസ് പ്രചാരണ യോഗത്തിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം.
‘അഞ്ച് വാഗ്ദാനങ്ങളും ആദ്യ ദിവസം തന്നെ നിറവേറ്റും. അഞ്ചാമത്തെ വാഗ്ദാനം സ്ത്രീകൾക്ക് വേണ്ടി ആയിരിക്കും. ബിജെപി കർണാടകയിലെ സ്ത്രീകളിൽ നിന്ന് 40% കമ്മീഷൻ തട്ടിയെടുത്തു, അത് അവർക്ക് തിരികെ നൽകുക എന്നതാണ് ഞങ്ങളുടെ ജോലി. അതിനാൽ കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ പൊതുഗതാഗത സംവിധാനത്തിൽ യാത്ര ചെയ്യാൻ ഒരു രൂപ പോലും സ്ത്രീകളിൽ നിന്ന് ഈടാക്കില്ല,’ രാഹുൽ ഗാന്ധി പറഞ്ഞു.