വന്ദേഭാരതിൽ ആദ്യദിനം 1761 യാത്രക്കാർ; തൊട്ടടുത്ത സ്റ്റേഷനിലേക്കു യാത്ര ചെയ്തവർ 366 പേർ

0
216

കാസർകോട്: കാത്തിരുന്ന വന്ദേഭാരത് എക്സ്പ്രസിൽ ആദ്യ ദിനം യാത്ര ചെയ്തത് 1761 പേർ. 14 ചെയർകാറുകളിലും 2 എക്സിക്യൂട്ടിവ് കോച്ചുകളിലുമായാണ് ഇത്രപേർ യാത്ര ചെയ്തത്. കാസർകോട്, കണ്ണൂർ, കോഴിക്കോട് സ്റ്റേഷനുകളിലെ യാത്രക്കാരാണ് വന്ദേഭാരതിന്റെ ആദ്യ യാത്രയിൽ സഞ്ചരിച്ചവരേറെയും. ഇതിൽ 1157 പേർ ടിക്കറ്റ് നിരക്കിനൊപ്പം ഭക്ഷണം ലഭിക്കുന്ന സൗകര്യം വിനിയോഗിച്ചു.

തിരുവനന്തപുരത്തു നിന്നു കാസർകോടേക്കുള്ള ഇന്നത്തെ യാത്രയിലും കനത്ത ബുക്കിങ്ങാണ്. അവസാന സ്റ്റേഷനായ കാസർകോടേക്ക് കണ്ണൂരിൽ നിന്നു 400ലേറെ ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. അവധി ദിനങ്ങളിലെ ടിക്കറ്റുകളേറെയും വിറ്റു പോയിട്ടുണ്ട്. മേയ് 14 ഞായറാഴ്ച പോലും എറണാകുളത്തേക്കുള്ള ടിക്കറ്റുകൾ വെയിറ്റിങ് ലിസ്റ്റിലായിക്കഴിഞ്ഞു.

തിരക്ക് മലബാർ മേഖലയിൽ തന്നെ

കാസർകോട് സ്റ്റേഷനിൽ നിന്ന് 468, കണ്ണൂരിൽ നിന്ന് 553, കോഴിക്കോടു നിന്ന് 351 എന്നിങ്ങനെയാണ് വന്ദേഭാരതിന്റെ ആദ്യ സർവീസിലെ യാത്രക്കാരുടെ എണ്ണം. ആദ്യ യാത്രയിൽ കാസർകോടു നിന്ന് തിരുവനന്തപുരം വരെ യാത്ര ചെയ്തത് 48 പേരാണ്. കണ്ണൂർ–തിരുവനന്തപുരം 96 യാത്രക്കാരുമുണ്ടായിരുന്നു.

ഒരു സ്റ്റേഷനിൽ നിന്നു കയറി തൊട്ടടുത്ത സ്റ്റേഷനിലേക്കു യാത്ര ചെയ്തത് 366 പേരാണ്. ഇതിലേറെയും കാസർകോട്, കണ്ണൂർ സ്റ്റേഷനുകളിൽ നിന്നാണ്. കാസർകോട് നിന്ന് കണ്ണൂരിലേക്ക് 150 യാത്രക്കാരുണ്ടായിരുന്നു. കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് 156 പേരും. എന്നാൽ ഏറ്റവുമധികം യാത്രക്കാർ തിരഞ്ഞെടുത്തത് കണ്ണൂരിൽ നിന്ന് എറണാകുളത്തേക്കായിരുന്നു, 183 പേർ. മലബാറിൽ നിന്നുള്ള യാത്രക്കാർ സീറ്റുകളേറെയും ബുക്ക് ചെയ്തിരുന്നതിനാൽ കോഴിക്കോടിനു ശേഷമുള്ള സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാർ കയറിയത് കുറവായിരുന്നു. നിരക്ക് കൂടുതലായിട്ടും എക്സിക്യൂട്ടിവിലെ ടിക്കറ്റിനാണു ആവശ്യക്കാരേറെയും.

ആദ്യ യാത്രയിൽ വരുമാനം 20 ലക്ഷം

തിരുവനന്തപുരം ∙ ആദ്യ യാത്രയിൽ വന്ദേഭാരത് എക്സ്പ്രസിന്റെ വരുമാനം 20 ലക്ഷത്തോളം രൂപ. 26 നു കാസർകോടു നിന്ന് തിരുവനന്തപുരത്ത് എത്തിയ യാത്രയിൽ 19.50 ലക്ഷം രൂപ റിസർവേഷൻ ടിക്കറ്റ് വരുമാനം ലഭിച്ചതായാണു പ്രാഥമിക കണക്ക്. കൃത്യമായ കണക്കു ലഭ്യമായിട്ടില്ല.

ആദ്യത്തെ രണ്ടാഴ്ചത്തേക്കു ഭൂരിഭാഗം സർവീസുകളിലും ടിക്കറ്റ് വെയ്റ്റ് ലിസ്റ്റിലാണ്. വന്ദേഭാരതിന്റെ പൂർണ തോതിലുള്ള സർവീസ് ഇന്ന് ആരംഭിക്കും. രാവിലെ 5.20 നു തിരുവനന്തപുരത്തു നിന്നും ഉച്ചയ്ക്ക് 2.30 നു കാസർകോടു നിന്നുമാണു സർവീസ് ആരംഭിക്കുക. 26 നു കാസർകോടു നിന്നു പുറപ്പെട്ട സർവീസിനിടയിൽ റൂട്ടിൽ ചിലയിടങ്ങളിൽ അര മണിക്കൂറോളം വൈകിയെങ്കിലും തിരുവനന്തപുരത്ത് എത്തിയപ്പോൾ സമയം ക്രമീകരിച്ചു. ഏകദേശം 8 മിനിറ്റ് വൈകിയാണു തിരുവനന്തപുരത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here