38 സെക്കൻഡ്, പിതാവിനെ 47 തവണ കുത്തി; മാതാവിനെയും കൊന്നു: മകൻ അറസ്റ്റിൽ– വിഡിയോ

0
271

ലക്നൗ ∙ വാക്കുതർക്കത്തെത്തുടർന്ന് ഇരുപത്തിനാലു വയസ്സുകാരനായ വിദ്യാർഥി മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സാകിർ നഗറിൽ ഖ്വാർസിയിലാണ് സംഭവം. പിതാവിനെ 38 സെക്കന്‍ഡുകൾക്കുള്ളിൽ 47 തവണ വിദ്യാർഥി കുത്തിയെന്നാണു വിവരം. അലിഗഢ് മുസ്‌ലിം സർവകലാശാലയിലെ (എഎംയു) രണ്ടാം വർഷ ബികോം വിദ്യാർഥിയായ മുഹമ്മദ് ഘുലാമുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു.

പിതാവ് മുഹമ്മദ് ഇസഹാഖ് (60), മാതാവ് ഷെഹ്സാദി ബീഗം (58) എന്നിവരെയാണ് ഇയാൾ കൊലപ്പെടുത്തിയത്. ഇവരും 18–30 വയസ്സിന് ഇടയിലുള്ള മറ്റു മൂന്നു മക്കളും ഖ്വാർസിയിൽ വാടക വീട്ടിൽ കഴിയുകയായിരുന്നു. പ്രദേശത്തെ ഒരു പള്ളിയിലെ ഇമാം ആയിരുന്നു മുഹമ്മദ് ഇസഹാഖ്. റാംപുരിൽ ജീവിച്ചിരുന്ന കുടുംബം കുട്ടികളുടെ മികച്ച വിദ്യാഭ്യാസത്തിനായാണ് ഇങ്ങോട്ടു മാറിയതെന്ന് വീട്ടുടമസ്ഥൻ മുഹമ്മദ് സലീം പറഞ്ഞു. ഇസഹാഖും ഭാര്യയും നല്ല മനുഷ്യരായിരുന്നുവെന്നും ഘുലാമുദ്ദീന് മാനസിക പ്രശ്നമുണ്ടായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.

∙ ഞെട്ടിക്കുന്ന വിഡിയോ

മാതാപിതാക്കളെ മകൻ ആക്രമിക്കുന്നതിന്റെ 38 സെക്കൻ‍ഡ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബഹളം കേട്ടെത്തിയ അയൽക്കാർ ജനലിനു പുറത്തുനിന്ന് മാതാപിതാക്കളെ വെറുതേ വിടണമെന്ന് ആവശ്യപ്പെടുന്നതും കേൾക്കാം.

കുടുംബത്തിനൊപ്പം ഉറങ്ങുകയായിരുന്നു ഘുലാമുദ്ദീൻ എന്നും രാത്രിയിൽ പെട്ടെന്ന് എഴുന്നേറ്റ് കത്രിക ഉപയോഗിച്ച് മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നുവെന്നും ഇസഹാഖിന്റെ മൂത്ത മകൻ മെഹ്സാബീൻ (30) അറിയിച്ചു. മാതാപിതാക്കളുടെ കരച്ചിൽ കേട്ട് മറ്റു കുട്ടികളും എഴുന്നേറ്റ് ബഹളം വച്ചു. ഇതോടെ അയൽക്കാരും സ്ഥലത്തെത്തി.

എന്നാൽ ആരുടെയും വാക്കുകൾക്കു ചെവിനൽകാതെ ഘുലാമുദ്ദീൻ മാതാപിതാക്കൾ മരിക്കുന്നതുവരെ കുത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഘുലാമുദ്ദീനെ അറസ്റ്റ് ചെയ്ത പൊലീസ്, കുത്താൻ ഉപയോഗിച്ച കത്രികയും കണ്ടെടുത്തു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here