നാട്ടിലെ ലൈസൻസ് ഉപയോഗിച്ച് ദുബൈയിൽ ഇനി ലൈസൻസ് കിട്ടും; ‘ഗോൾഡൻ ചാൻസ്’ എടുക്കാൻ ഒരുങ്ങിക്കോളൂ…

0
579

ദുബൈ: ദുബൈ നഗരത്തിൽ വാഹനമോടിക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്ക പ്രവാസികളും. എന്നാൽ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ഉള്ള കടമ്പകൾ കടക്കാനുള്ള പ്രയാസം മൂലം പലർക്കും ഇതൊരു സ്വപ്നമായി തന്നെ ശേഷിക്കുകയാണ് പതിവ്. എന്നാൽ ഇപ്പോൾ ഇതാ ആ സ്വപ്‌നങ്ങൾ പൂവണിയിക്കാനൊരു ‘ഗോൾഡൻ ചാൻസ്’ ഒരുക്കിയിരിക്കുകയാണ് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ).

ഇന്ത്യക്കാർക്ക് ഉൾപ്പെടെ എല്ലാ വിദേശികൾക്കും അവരുടെ നാട്ടിലെ ലൈസൻസ് ഉണ്ടെങ്കിൽ ‘ഗോൾഡൻ ചാൻസ്’ എടുക്കാവുന്നതാണ്. നാട്ടിലെ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ദുബായ് ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാനാണ് ‘ഗോൾഡൻ ചാൻസ്’ എന്ന പേരിൽ ഡ്രൈവ് ആരംഭിച്ചിരിക്കുന്നത്.

തിയറി ടെസ്റ്റ് പാസായാൽ നേരിട്ട് റോഡ് ടെസ്റ്റിന് വിധേയമാകാവുന്നതാണ് എന്നതാണ് ഗോൾഡൻ ചാൻസിന്റെ പ്രത്യേകത. ഇതിനായി ആദ്യം 2,150 ദിർഹം അടച്ച് ഫയൽ ഓപ്പൺ ചെയ്യണം. ഫയൽ ഓപ്പണിങ് ഫീസ്, തിയറി ടെസ്റ്റ്, നേത്ര പരിശോധന, റോഡ് ടെസ്റ്റ്, ലൈസൻസ് ഫീസ് എന്നിവയെല്ലാം ചേർത്തുള്ള ഫീസാണ് 2,150 ദിർഹം എന്നതിനാൽ മറ്റൊരു ഫീസിന്റെയും ലൈസൻസ് ലഭിക്കുന്നത് വരെ ആവശ്യമില്ല. സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത ഒരാൾക്ക് ദുബായിൽ ഡ്രൈവിങ് പരിശീലനത്തിനുള്ള ഫയൽ ഓപ്പൺ ചെയ്യാൻ ചുരുങ്ങിയത് 5,000 ദിർഹം വേണ്ടി വരും എന്നിടത്താണ് പകുതി പണം പോലും മുടക്കാതെ ഗോൾഡൻ ചാൻസ് എടുക്കാൻ സാധിക്കുന്നത്.

ഗോൾഡൻ ചാൻസ് പദ്ധതി വഴി നേരിട്ട് റോഡ് ടെസ്റ്റിന് പോകുന്നതിന് മുൻപ് ആവശ്യമുള്ളവർക്ക് രണ്ടോ മൂന്നോ പരിശീലന ക്ലാസുകളിൽ പങ്കെടുക്കാനും അവസരമുണ്ട്. ഗോൾഡൻ ചാൻസ് പദ്ധതിക്ക് അപേക്ഷിച്ചു കഴിഞ്ഞാല്‍ വൈകാതെ തന്നെ തിയറി ടെസ്റ്റിനുള്ള കോൾ വരും. അതുകഴിഞ്ഞാലുടൻ റോ‍ഡ് ടെസ്റ്റ് നടത്താം. ഇതിനിടക്ക് വേണമെങ്കിൽ പരിശീലന ക്ലാസ് നടത്തുകയും ആവാം.

അതേസമയം, ഗോൾഡൻ ചാൻസ് റോഡ് ടെസ്റ്റിൽ പരാജയപ്പെട്ടാൽ സാധാരണ പോലെ ഡ്രൈവിങ് ക്ലാസിൽ ചേർന്നു പഠിക്കേണ്ടി വരും. എന്നാൽ ഇതിനു പ്രത്യേക ഫീസ് അടയ്ക്കേണ്ടതില്ല. ഗോൾഡൻ ചാൻസ് ടെസ്റ്റിന് ഫയൽ ഓപ്പൺ ചെയ്ത സ്ഥാപനത്തിലല്ലാതെ മറ്റൊരിടത്താണ് പഠിക്കാനുദ്ദേശിക്കുന്നതെങ്കിലും പ്രത്യേക ഫീസ് അടയ്ക്കേണ്ടതില്ല.

അതേസമയം, പദ്ധതി പ്രകാരമുള്ള റോഡ് ടെസ്റ്റുകൾ ഇതുവരെ എവിടെയും ആരംഭിച്ചിട്ടില്ല എന്നാണ് വിവരം. എന്നാൽ തിയറി ടെസ്റ്റുകൾ പുരോഗമിക്കുന്നുണ്ട്. വൈകാതെ തന്നെ റോഡ് ടെസ്റ്റുകൾ ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here