യുഎഇയില്‍ കാസര്‍കോട് സ്വദേശിയുടെ മരണത്തിന് കാരണമായ ബോട്ട് അപകടത്തിന് കാരണം നിയമലംഘനമെന്ന് പൊലീസ്

0
247

ഷാര്‍ജ: ഖോര്‍ഫുക്കാനില്‍ മലയാളി യുവാവിന്റെ മരണത്തിന് കാരണമായ ബോട്ട് അപകടത്തിന് കാരണമായത് ഓപ്പറേറ്ററുടെ നിയമലംഘനമാണ് പൊലീസ്. ബോട്ട് ഓപ്പറേറ്റര്‍ നിബന്ധനകള്‍ പാലിച്ചില്ലെന്നും അപകടത്തിന് ഉത്തരവാദികളായവരെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ഈസ്റ്റേണ്‍ റീജ്യണല്‍ ഡയറക്ടര്‍ കേണല്‍ ഡോ. അലി അല്‍ കായ് അല്‍ ഹമൂദി പറഞ്ഞു.

പെരുന്നാള്‍ ദിനത്തിലുണ്ടായ അപകടത്തില്‍ കാസര്‍കോട് നീലേശ്വരം സ്വദേശി അഭിലാഷ് വാഴവളപ്പില്‍ (38) ആണ് മരിച്ചത്. തിരുവനന്തപുരം സ്വദേശിനിയായ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തു. വൈകുന്നേരം 3.40നാണ് ഉല്ലാസ യാത്രാ ബോട്ട് മറിഞ്ഞ് യാത്രക്കാര്‍ കടലില്‍ വീണത്. കരയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയെത്തിയപ്പോഴായിരുന്നു അപകടം. ആകെ 18 പേര്‍ ബോട്ടിലുണ്ടായിരുന്നു.

റെസ്‍ക്യൂ സംഘങ്ങളും, ആംബുലന്‍സ്, പൊലീസ് തുടങ്ങിയവയും വിവരം ലഭിച്ചയുടന്‍ തന്നെ സ്ഥലത്തെത്തി. കടലില്‍ വീണ എല്ലാവരെയും തീരസുരക്ഷാ സേനയുടെ സഹകരണത്തോടെ കരയ്ക്കെത്തിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‍‍തു. ഷാര്‍ജയിലെ സ്വകാര്യ കമ്പനിയില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ഹെല്‍പറായി ജോലി ചെയ്യുകയാണ് മരിച്ച അഭിലാഷ്. സുഹൃത്തുക്കള്‍ക്കൊപ്പം പെരുന്നാള്‍ അവധി ആഘോഷിക്കാനെത്തിയപ്പോഴായിരുന്നു അപകടത്തില്‍പെട്ടത്. പരിക്കേറ്റ മറ്റ് രണ്ട് പേരും അഭിലാഷിന്റെ സഹപ്രവര്‍ത്തകരാണ്.

ബോട്ട് ഓപ്പറേറ്റര്‍മാര്‍ സുരക്ഷാ നിബന്ധനകള്‍ പാലിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. അനുവദനീയമായതിലും അധികം ആളുകളെ കയറ്റാന്‍ പാടില്ലെന്നതിനെ പുറമെ യാത്രക്കാര്‍ ലൈഫ് ജാക്കറ്റ് ധരിച്ചിരിക്കണം. ജാഗ്രതയോടെ ബോട്ട് ഓടിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വീഴ്ച വരുത്തരുതെന്ന് പൊലീസ് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here