‘50 നിയമലംഘനങ്ങളെങ്കിലും കണ്ടെത്തണം’: ഉദ്യോഗസ്ഥർക്ക് ഗതാഗത കമ്മിഷണറുടെ നോട്ടിസ്

0
224

തിരുവനന്തപുരം∙ വാഹനപരിശോധന കാര്യക്ഷമമായി നടത്താത്ത മോട്ടർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഗതാഗത കമ്മിഷണറുടെ കാരണം കാണിക്കൽ നോട്ടിസ്. വാഹനങ്ങൾ പരിശോധിച്ച് ഒരു മാസം 50 നിയമലംഘനങ്ങളെങ്കിലും കണ്ടെത്താത്ത ഉദ്യോഗസ്ഥര്‍ക്കാണ് നോട്ടിസ്. ഗതാഗത നിയമങ്ങൾ കർശമായി പാലിക്കണമെന്ന് ഹൈക്കോടതി നിർദേശമുള്ളതിനാലാണ് ഉദ്യോഗസ്ഥർക്ക് മാസം ടാർഗറ്റ് നിശ്ചയിച്ചിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. കാരണം കാണിക്കൽ നോട്ടിസ് അയയ്ക്കുന്നത് പതിവ് നടപടിക്രമമാണ്. 50 നിയമലംഘനങ്ങളെങ്കിലും കണ്ടെത്തണമെന്ന് നിർദേശമുണ്ടെങ്കിലും പല ഉദ്യോഗസ്ഥരും പാലിക്കാറില്ല.

ചിലർ ചെക്പോസ്റ്റ് ഡ്യൂട്ടി അടക്കമുള്ള മറ്റ് ഡ്യൂട്ടികളിലായിരിക്കും. എല്ലാ മാസവും പ്രവർത്തനം വിലയിരുത്തുമ്പോൾ പിന്നിൽ നിൽക്കുന്ന ഉദ്യോഗസ്ഥർക്കാണ് കാരണം കാണിക്കൽ നോട്ടിസ് നൽകുന്നത്. ഉദ്യോഗസ്ഥർ കാരണം ബോധിപ്പിക്കുന്നതോടെ സാധാരണയായി നടപടി അവസാനിപ്പിക്കും. ഗുരുതരമായ വീഴ്ച കണ്ടെത്തിയാൽ വകുപ്പുതല നടപടികളിലേക്ക് കടക്കും.

നാലായിരത്തിൽ അധികം പേരാണ് ഒരു വർഷം കേരളത്തിൽ റോഡ് അപകടങ്ങളിൽ മരിക്കുന്നത്. റോഡ് അപകടങ്ങൾ കുറയ്ക്കാൻ കർശന പരിശോധന നടത്താനും ബോധവൽക്കരണ പ്രവർത്തനത്തിനും ഗതാഗത കമ്മിഷണർ നിർദേശം നൽകിയിരുന്നു. റോഡുകളിലെ ബ്ലാക് സ്പോട്ടുകൾ കേന്ദ്രീകരിച്ച് ജനങ്ങളിൽ ബോധവൽക്കരണം നടത്താനും വിവിധ പരിപാടികൾ സംഘടിപ്പിക്കാനും നിർദേശമുണ്ടായിരുന്നു.  എന്നാൽ, ചില ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നതായി കണ്ടെത്തി. ഇവർക്കും കാരണം കാണിക്കൽ നോട്ടിസ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here