കോഴിക്കോട് തീവണ്ടിയില്‍ യാത്രക്കാരെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം; 3 പേര്‍ ട്രാക്കില്‍ മരിച്ച നിലയില്‍

0
662

എലത്തൂര്‍ (കോഴിക്കോട്): ഓടികൊണ്ടിരുന്ന ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ സഹയാത്രികരുടെ ദേഹത്ത് അജ്ഞാതന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ക്ക് പൊള്ളലേറ്റു. ഇതിനിടെ രക്ഷപെടാന്‍ തീവണ്ടിയില്‍നിന്ന് ചാടിയതെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ മൃതദേഹം ട്രാക്കില്‍ കണ്ടെത്തി.

യുവതിയേയും കുഞ്ഞിനേയും ഒരു മധ്യവയസ്‌കനേയുമാണ് ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ചാലിയം സ്വദേശികളായ ഷുഹൈബ് -ജസീല ദമ്പതിമാരുടെ മകള്‍ രണ്ടരവയസ്സുകാരി ഷഹ്റാമത്ത്, ജസീലയുടെ സഹോദരി കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്റിയ മന്‍സിലില്‍ റഹ്‌മത്ത് (45) എന്നിവരാണ് മരിച്ചത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രാക്കില്‍ തലയിടിച്ച് വീണ നിലയിലായിരുന്നു മൂന്നുപേരും. ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ തീവണ്ടി എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടപ്പോഴാണ് അജ്ഞാതന്റെ പെട്രോള്‍ ആക്രമണം ഉണ്ടായത്. ‘ഡി-1’ ബോഗിയിലാണ് സംഭവം. ചങ്ങല വലിച്ചതിനെ തുടര്‍ന്ന് തീവണ്ടി കോരപ്പുഴ പാലത്തിന് മുകളിലായാണ് നിര്‍ത്തിയത്. പാലത്തിനും എലത്തൂര്‍ സ്റ്റേഷനും ഇടയിലുള്ള ട്രാക്കിലാണ് മൂന്ന് മൃതദേഹങ്ങളും ഉണ്ടായിരുന്നത്.

തീവണ്ടിയില്‍ നിന്ന് പൊള്ളലേറ്റ് കൊയിലാണ്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി അസ്മ മന്‍സിലില്‍ റാസിഖിനൊപ്പം സഞ്ചരിച്ചവരെ സംഭവത്തിന് ശേഷം കാണാതായിരുന്നു. ഇതില്‍, പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ബോഗിക്ക് ഉള്ളില്‍ വച്ച് പൊള്ളലേറ്റ ഒമ്പത് പേരില്‍ രണ്ടുപേരുടെനില ഗുരുതരമാണ്. കണ്ണൂര്‍ സ്വദേശികളായ വക്കീല്‍ ഗുമസ്തന്‍ കതിരൂര്‍ നായനാര്‍ റോഡ് പൊയ്യില്‍ വീട്ടില്‍ അനില്‍ കുമാര്‍ (50), മകന്‍ അദ്വൈദ് (21) എന്നിവരാണവര്‍. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അനില്‍ കുമാറിന്റെ ഭാര്യ സജിഷ (47), കണ്ണൂര്‍ പട്ടുവം നീലിമ വീട്ടില്‍ റൂബി (52), തൃശ്ശൂര്‍ മണ്ണൂത്തി മാനാട്ടില്‍ വീട്ടില്‍ പ്രിന്‍സ് (35), ഭാര്യ അശ്വതി (26), തളിപ്പറമ്പ് സ്വദേശി ജ്യോതീന്ദ്രനാഥ് (34), കണ്ണൂര്‍ സ്വദേശി പ്രകാശന്‍ (34) അടുത്ത ബോഗിയില്‍ നിന്നെത്തിയ ആള്‍ യാതൊരു പ്രകോപനവുമില്ലാതെ രണ്ട് പ്‌ളാസ്റ്റിക്ക് കുപ്പികളില്‍ പെട്രോള്‍ കൊണ്ടുവന്ന് യാത്രക്കാരുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തിയെന്നാണ് ദൃക്സാക്ഷിമൊഴി. ഇതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ മറ്റ് കംപാര്‍ട്ട്‌മെന്റുകളിലേക്ക് ഓടി. പരിക്കേറ്റവരെല്ലാം സീറ്റില്‍ ഇരിക്കുന്നവരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here